മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നുമുതൽ

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണം.

വൃത്തിയുള്ള കേരളം, വലിച്ചെറിയൽമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വൃത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, മാലിന്യക്കൂനകൾ, കവലകൾ, ചെറു പട്ടണങ്ങൾ, പൊതു ഇടങ്ങൾ, അപ്പാർട്ട്മെന്റ് കോംപ്ലക്സുകൾ, വ്യാപാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ചന്തകൾ, കമ്മ്യൂണിറ്റി ഹാൾ, വിവാഹ മണ്ഡപങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ മുതലായവ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇക്കാര്യം ചെയ്യണം.

മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന ചുമതലയായി ഇത് കാണണം.

ഹരിത കർമ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതിൽപ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം.

കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം.

മഴക്കാലപൂർവ്വ ശുചീകരണത്തിന് ഓരോ വകുപ്പിലുമുള്ള ഫണ്ടുകളുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പാക്കേണ്ടതാണ്.

മുഴുവൻ ഓടകളും വൃത്തിയാക്കി എന്നുറപ്പാക്കണം. മലിനമായിക്കിടക്കുന്ന നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ, ഓടകൾ എന്നിവയുടെ പട്ടിക തയ്യാറാക്കി വൃത്തിയാക്കൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ നദി, കായൽ എന്നിവിടങ്ങളിൽ ഇടുന്നത് സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. ഇക്കാര്യത്തിൽ ശ്രദ്ധ വേണം. പുഴകളിലെയും നദികളിലെയും ചെളിയും എക്കലും നീക്കം ചെയ്യണം. വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും നിക്ഷേപിക്കാനുള്ള സൗകര്യം പ്രാദേശികമായി മുൻകൂട്ടി തയ്യാറാക്കണം.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ, സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ പഞ്ചായത്ത് വാർഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഉറപ്പ് വരുത്തണം.

ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വില്ലേജ് ഓഫീസർ, പോലീസ്, അഗ്നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും ഏൽപ്പിക്കണം. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണം.

ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ മുൻകൂട്ടി അറിയിക്കണം.

അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടി മരങ്ങൾ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം.

വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി നടത്തണം. ഇതിന് സമയക്രമം നിശ്ചയിച്ച് ചുമതല നൽകണം.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്ട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കണം. കണ്ട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്ട്രോൾ റൂമുകളുമായി ചേർന്നുകൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.

പോലീസ്, അഗ്നിശമന രക്ഷാസേന എന്നീ രക്ഷാസേനകൾ അവരുടെ പക്കലുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് മുൻകൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്തണം.

എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണം. ജില്ലകളിൽ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി എന്നിവ വിലയിരുത്തേണ്ടതും പൂർത്തീകരിക്കപ്പെടാത്ത കാര്യങ്ങളുണ്ടെങ്കിൽ അവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുകയും വേണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നത് ഉചിതമാകും. പൂർത്തീകരിക്കാത്ത പ്രവൃത്തികൾ ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും അറിയിക്കണം.

യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വീണാ ജോർജ്ജ്, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദാ മുരളീധരൻ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →