കൊച്ചി: ആലപ്പുഴ പാണാവള്ളിയില്‍ അനധികൃതമായി നിര്‍മിച്ച കാപികോ റിസോര്‍ട്ടിലെ 54 കോട്ടേജുകളും പൊളിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇനി പ്രധാന കെട്ടിടം മാത്രമാണു പൊളിയ്ക്കാനുള്ളത്. ഈ കെട്ടിടത്തില്‍ വിലയേറിയ മെഷീനുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അതു വൈകാതെ മാറ്റിയശേഷം പൊളിയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കായലിനോടു ചേര്‍ന്നുകിടക്കുന്ന പ്രധാനകെട്ടിടം പൊളിക്കുമ്പോള്‍ അവശിഷ്ടം കായലില്‍ വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍, മുന്‍കരുതല്‍ സ്വീകരിച്ചശേഷമാകും പൊളിക്കല്‍. അടുത്തദിവസം തന്നെ പൊളിച്ചുനീക്കും. നിലവില്‍ പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണു സൂക്ഷിച്ചിട്ടുള്ളത്. അതു നീക്കംചെയ്തശേഷമേ ഇനി പൊളിയ്ക്കുന്ന അവശിഷ്ടം ഇവിടെ ശേഖരിക്കാനാവൂ.
അതേസമയം, പരിസ്ഥിതി അനുമതിയില്ലാതെ പൊളിക്കുന്നതിനെതിരേ മത്സ്യത്തൊഴിലാളി സ്ത്രീ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അപേക്ഷ ഇന്നലെ കേള്‍ക്കാമെന്നു ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ അവധി ആയതിനാല്‍ ജസ്റ്റിസ് സി.ടി. രവികുമാര്‍, സുധാംശു ദുലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചിനു മുമ്പാകെയാണു ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ തന്നെ താന്‍ ഈ ഹര്‍ജി കേള്‍ക്കുന്നതു ശരിയല്ലെന്നു ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നു ഹര്‍ജി പരിഗണിയ്ക്കുന്നതു മാറ്റി.
മത്സ്യത്തൊഴിലാളിയുടെ ഹര്‍ജിയ്ക്കുപിന്നില്‍ റിസോര്‍ട്ട് ഉടമയാണെന്നാണു ഹര്‍ജിക്കാരായ ജനസമ്പര്‍ക്ക സമിതി ആരോപിക്കുന്നത്. മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കി പൊളിക്കല്‍ തടയാനാണു ശ്രമം. മാര്‍ച്ച് 25 ന് അകം ഇരുപതു കോട്ടേജുകള്‍ കൂടി പൂര്‍ണ്ണമായും പൊളിക്കുമെന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 28 ന് മുമ്പു കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിച്ചു നീക്കണമെന്നാണു സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിക്കുന്നത്. നേരത്തെ 34 എണ്ണം പൂര്‍ണ്ണമായും പൊളിച്ചിരുന്നു. ബാക്കി കഴിഞ്ഞദിവസം തിരക്കിട്ടു പൊളിച്ചു നീക്കിയിരുന്നു.

