വില്‍പ്പന സമ്മര്‍ദം വിപണിക്ക് വിന

മുംബൈ: ആഗോള വിപണിയില്‍ ദുര്‍ബലാവസ്ഥ ആഭ്യന്തര വിപണിയെയും വീഴ്ത്തി. ഐ.ടി, വാഹന, ഊര്‍ജ, റിയല്‍റ്റി ഓഹരികളെല്ലാം തിരിച്ചടി നേരിട്ടു. ബോംബെ സൂചിക 338 പോയിന്റും നിഫ്റ്റി 111 പോയിന്റും ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. ഒക്‌ടോബര്‍ 13 ന് ശേഷം ആദ്യമായി നിഫ്റ്റി 17,000 നിലവാരത്തിനു താഴെ എത്തുന്നതിനും ഇന്നലെ വിപണി സാക്ഷ്യം വഹിച്ചു. ”ഇന്‍ട്രാ ഡേ” വ്യാപാരത്തില്‍ 16,987 വരെ ഇറങ്ങിയ സൂചിക പിന്നീട് നില അല്‍പം മെച്ചപ്പെടുത്തി 17,043 ല്‍ ക്ലോസ് ചെയ്തു. ബോംബെ സൂചികയിലും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് തെളിഞ്ഞുനിന്നത്. വ്യാപാരത്തിനിടെ 57,721 വരെ ഇറങ്ങിയ സെന്‍സെക്‌സ് പിന്നീട് 57,900 എന്ന നിലവാരത്തില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു. 338 പോയിന്റ് നഷ്ടം. തുടര്‍ച്ചയായ നാല് ട്രേഡിങ് സെഷനുകളില്‍ ബോംബെ സൂചികയുടെ ആകെ നഷ്ടം 2448 പോയിന്റ്.

നഷ്ടത്തോടെയായിരുന്നു വിപണിയുടെ തുടക്കം. സെന്‍സെക്‌സ് 114 പോയന്റ് നഷ്ടത്തില്‍ 58,123ലും നിഫ്റ്റി 32 പോയന്റ് താഴന്ന് 17,122 ലുമാണ് വ്യാപാരം ആരംഭിച്ചത്. യു.എസിലെ ബാങ്ക് തകര്‍ച്ചയടക്കമുള്ള വിഷയങ്ങളാണ് ആഗോള വിപണിയെ പിന്നോട്ടടിക്കുന്നത്. സെന്‍സെക്‌സില്‍ ഏറ്റവും വലിയ നഷ്ടക്കച്ചവടക്കാര്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയായിരുന്നു. മൂന്നു ശതമാനം ഇടിവാണ് കമ്പനിയുടെ ഓഹരികള്‍ നേരിട്ടത്. ടി.സി.എസ്, ബജാജ് ഫിനാന്‍സ്, കോട്ടക് ബാങ്ക്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി എന്നിവയെല്ലാം നഷ്ടം നേരിട്ടു.

അദാനി ഗ്രൂപ്പ് സംരംഭങ്ങളും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഭാരതി എയര്‍ടെല്‍, ടൈറ്റന്‍, ലാന്‍സന്‍ ആന്‍ഡ് ട്യൂബ്‌റോ എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →