കൊച്ചി: പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുവരാൻ പാടില്ലെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇപ്പോഴും പാലിക്കുന്നില്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുയർത്തുമെന്നും കുന്നത്തുനാട് പഞ്ചായത്തംഗവും ബ്രഹ്മപുരം ജനകീയ സമിതി അംഗവുമായ യൂനസ്. നിർദേശങ്ങൾ പാലിക്കാതെ മാലിന്യം തള്ളി ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരേ 2023 മാർച്ച് 13 തിങ്കളാഴ്ച മുതൽ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാന്റ് പ്രവർത്തനക്ഷമമായതിന് ശേഷം മാത്രമേ മാലിന്യം കൊണ്ടുവരാൻ പാടുള്ളൂവെന്ന് തുടങ്ങിയ നിർദേശങ്ങൾ പാലിക്കാതെ മാലിന്യം തള്ളി ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരെയാണ് സമരം. കഴിഞ്ഞ ദിവസം രാത്രി ബ്രഹ്മപുരത്തേക്ക് മാലിന്യം എത്തിച്ചതിനെതിരേ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് നിന്നുയരുന്നത്.
കോൺഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളാനുള്ള നീക്കത്തെ തടയുക എന്നത് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണ്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മാലിന്യം പ്ലാന്റിലേക്ക് കൊണ്ടുവന്ന് തള്ളിയത്. എന്നാൽ ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ആവശ്യമല്ല. ഇവിടുത്തെ ജനങ്ങളുടെ പൊതുവായുള്ള പ്രശ്നമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും മുന്നോട്ട് വരണമെന്നും എല്ലാവരുടേയും നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ സമരം ആരംഭിക്കുമെന്നും. അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുവരാൻ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. കവചിത വാഹനത്തിലേ മാലിന്യം കൊണ്ടുവരുവാൻ പാടുള്ളു എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. എന്നാൽ റോഡിലൂടെ ജനങ്ങൾക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ തുറന്ന വാഹനത്തിലാണ് മാലിന്യം കൊണ്ടുവരുന്നത്. തുറന്ന വാഹനത്തിൽ കൊണ്ടുവരുന്ന ഒരു മാലിന്യവാഹനവും ബ്രഹ്മപുരത്തേക്ക് ഇനിമുതൽ വിടില്ല. ഭക്ഷ്യമാലിന്യങ്ങൾ കൊണ്ടുവരുമ്പോൾ അത് ഭക്ഷ്യമാലിന്യങ്ങളാണോയെന്ന് ജനകീയ സമിതി വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചതിന് ശേഷം മാത്രമേ പ്ലാന്റിനകത്തേക്ക് കയറ്റി വിടുകയുള്ളൂവെന്നും യൂനസ് പറഞ്ഞു.
പ്രദേശത്തുളളവർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഭരണകൂടം ബോധപൂർവം മറച്ചുവയ്ക്കുകയാണ്. മൂന്നുമണിക്കുശേഷം മഴക്കാറുപോലെ വരുകയാണ്. ഈ സമയത്താണ് പ്രായമായവർക്ക് ശ്വാസംമുട്ടലും മറ്റുപ്രശ്നങ്ങളും ഉണ്ടാവുന്നത്. കുട്ടികളടക്കം അപകടകരമയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുളള ജനങ്ങൾക്ക് യാതൊരു പരിഗണനയും കൊടുത്തിട്ടില്ല.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നുള്ള വിഷപ്പുക അന്തരീക്ഷമാകെ നിറയുമ്പോൾ സാധാരണ മാസ്കുകൾ പോലും നിർബന്ധമായും ധരിക്കണമെന്ന് ജനങ്ങളോട് പറയാത്ത സർക്കാരാണെന്നും ഇതുവരേയും ഒരു മെഡിക്കൽ സംഘത്തെ ഈ പ്രദേശത്തേക്ക് വിടാൻ തയാറായിട്ടില്ലെന്നും യൂനസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

