ആലപ്പുഴ: എടത്വാ കൃഷി ഓഫീസര്‍ എം. ജിഷമോള്‍ പ്രതിയായ കള്ളനോട്ട് കേസില്‍ കേസിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.എ. സംഘവുമെത്തി ശേഖരിച്ചു. പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്നാണ് കരുതുന്നത്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ആലപ്പുഴ ഡിെവെ.എസ്.പിയുടെ പ്രത്യേക സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാധാരണ കളര്‍ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണു കള്ളനോട്ടായി കൂടുതലും കണ്ടെത്തുന്നത്. എന്നാല്‍ ജിഷമോള്‍ ഉള്‍പ്പെട്ട കേസില്‍ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ അച്ചടിച്ച നോട്ടുകളാണ് കണ്ടെത്തിയത്. 500ന്റെ ഏഴുനോട്ടാണ് സ്വകാര്യ ബാങ്കിന്റെ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയര്‍ ശാഖയില്‍ കിട്ടിയത്. ജിഷമോള്‍ക്കു നോട്ടുനല്‍കിയ സുഹൃത്തിനായി അന്വേഷണം തുടരുകയാണ്. ഇയാള്‍ക്ക് അന്താരാഷ്ട്ര കള്ളനോട്ടു സംഘവുമായി ബന്ധമുണ്ടെന്നാണ് പോലിസ് നല്‍കുന്ന സൂചന.
ജിഷമോള്‍ പിടിയിലായതറിഞ്ഞതോടെ ഇയാള്‍ കേരളം വിട്ടതായാണ് സംശയിക്കുന്നത്. കൂടാതെ ദേശീയ അന്വേഷണ ഏജന്‍സിയും കൂടുതല്‍ അന്വേഷണം നടത്തും. കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ജിഷമോള്‍ ഇപ്പോള്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണുള്ളത്. ഇവരില്‍നിന്നു കിട്ടിയ വിവരം പോലിസ് എന്‍.ഐ.എ. ക്കു കൈമാറിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ഡിസംബറില്‍ ചാരുംമൂട്ടില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. അച്ചടി ഉപകരണങ്ങളും 4.5 ലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തിരുന്നു. ഈ കേസുകൂടി കൂടുതല്‍ അന്വേഷണ വിധേയമാക്കും.

