ന്യൂയോര്‍ക്ക്: ജീവനക്കാര്‍ക്കായി ടെക്‌സാസില്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ ടെസ്‌ല മേധാവി എലോണ്‍ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. തന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി ചെയ്യാനും താമസിക്കാനുമുള്ള സൗകര്യമൊരുക്കിയാണു മസ്‌ക് ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്റ്റിനു സമീപത്തായി ഈ കമ്പനികള്‍ 3500 ഏക്കര്‍ സ്ഥലം സ്വന്തമാക്കി സ്‌നെയ്ല്‍ബ്രൂക്ക് എന്ന പേരിലുള്ള പട്ടണം സ്ഥാപിക്കാനാണു നീക്കം. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച വിശദാംശങ്ങളും ഇ-മെയില്‍ ആശയവിനിമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ഉള്‍പ്പെടെയാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നൂറിലധികം വീടുകള്‍, സ്വിമ്മിങ് പൂള്‍, സ്‌റ്റേഡിയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ”സ്‌നെയ്ല്‍ബ്രൂക്ക് പദ്ധതി”യുടെ ഭാഗമായി ഒരുക്കാന്‍ പോകുന്നത്. മസ്‌കിന്റെ കീഴിലുള്ള ടെസ്‌ല, ബോറിങ് കമ്പനി, സ്‌പേസ്എക്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായാണു ചെറുപട്ടണം ഒരുങ്ങുന്നത്. നിലവില്‍ വിപണിയിലുള്ള വീട്ടു വാടകയേക്കാള്‍ കുറഞ്ഞ ചെലവില്‍ ജീവനക്കാര്‍ക്ക് താമസസൗകര്യവും ജോലി സൗകര്യവും ഒരുക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടെക്‌സാസില്‍ ജീവനക്കാര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എലോണ്‍ മസ്‌ക്
