ഫെയ്‌സ് ബുക്കിന് വയസായി: പി92 ആപ്പ് ഒരുക്കി മെറ്റ

ന്യൂയോര്‍ക്ക്: ട്വിറ്ററിനു ബദലൊരുക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. എലോണ്‍ മസ്‌ക് ഏറ്റെടുത്തിനു പിന്നാലെ ട്വിറ്ററിലുണ്ടായ പ്രതിസന്ധി മുതലെടുക്കാനാണു മെറ്റയുടെ നീക്കം. പുതിയ ആപ്പിന്റെ പേര് നിശ്ചയിച്ചിട്ടില്ല. എങ്കിലും ട്വിറ്ററിന് ബദലായി 2016 ല്‍ അവതരിപ്പിക്കപ്പെട്ട മാസ്റ്റഡോണ്‍ അടിസ്ഥാനമാക്കിയാകും പുതിയ ആപ്പ്. പി92 എന്ന പേരിലാണു പുതിയ ആപ്പിനായുള്ള ശ്രമം നടക്കുന്നത്.എലോണ്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയാണു പ്രതിസന്ധി തുടങ്ങിയത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. നയത്തിലും മാറ്റമുണ്ടായതോടെ വിമര്‍ശനം കനത്തു. ഈ സമയമാണു മാസ്റ്റഡോണിന്റെ കുതിപ്പ് തുടങ്ങിയത്. ”കോടീശ്വരര്‍ നിയന്ത്രിക്കാത്ത സാമൂഹിക മാധ്യമം എന്നാണു മാസ്റ്റഡോണിനു നല്‍കിയിരിക്കുന്ന വിശേഷണം. ട്വിറ്റര്‍ സന്ദേശങ്ങള്‍ക്കു പരമാവധി 280 അക്ഷരങ്ങളെന്ന പരിധിയുണ്ട്. മാസ്റ്റഡോണിനിത് 500 ആണ്. കേന്ദ്രീകൃത സംവിധാനവും മാസ്റ്റഡോണിനില്ല. ഒരു വ്യക്തിക്കോ, സ്ഥാപനത്തിനോ നിയന്ത്രണമില്ല. കേന്ദ്രീകൃത സേര്‍വറുമില്ല. കഴിഞ്ഞ ഡിസംബറില്‍ 25 ലക്ഷം ഉപയോക്താക്കളാണ് ഈ ആപ്പിന് ഉണ്ടായിരുന്നത്. ഫെയ്സ്ബുക്കില്‍നിന്നു യുവാക്കള്‍ അകലുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണു മെറ്റയുടെ പുതിയ ചുവടുവയ്പ്. സക്കര്‍ബര്‍ഗിന്റെ സംരംഭമായ മെറ്റാവേഴ്സ് വിജയവുമായില്ല. ഇന്‍സ്റ്റഗ്രാമിനും ഉപയോക്താക്കള്‍ കുറഞ്ഞുതുടങ്ങിയതോടെയാണു മെറ്റ പരീക്ഷണത്തിന് ഇറങ്ങിയത്.

ഫെയ്‌സ് ബുക്കില്‍ കൂടുതല്‍ വയസന്‍മാര്‍

ബ്രിട്ടനിലെ 12 വയസിനും 17 വയസിനും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 22 ലക്ഷമാവുമെന്നും 18 നും 24 നും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 45 ലക്ഷമായി ചുരുങ്ങുമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇ-മാര്‍ക്കറ്റര്‍ പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് 2017ല്‍ നിന്നും ഏഴ് ലക്ഷം പേരുടെ കുറവ്.അതേസമയം 55 വയസിന് മുകളിലുള്ളവരുടെ എണ്ണം ഫെയ്സ്ബുക്ക് ഈ വര്‍ഷത്തെ ഉപയോക്താക്കളുടെ ആകെ എണ്ണത്തില്‍ രണ്ടാമതെത്തുകയും ചെയ്യും.ഫെയ്സ്ബുക്കിന്റെ പ്രായമാണ് മുതിര്‍ന്നവര്‍ക്കിടയില്‍ ഫെയ്സ്ബുക്കിന് പ്രീതി വര്‍ധിക്കാന്‍ മറ്റൊരു കാരണമായി സൂചിപ്പിക്കുന്നത്. ഈ വര്‍ഷം 14 വയസ് തികയുന്ന ഫെയ്സ്ബുക്കിന്റെ നീണ്ട കാലത്തെ വിജയകരമായ നിലനില്പ്പ് മുതിര്‍ന്നവര്‍ക്കിടയില്‍ പ്രീതി വര്‍ധിക്കാനുള്ള മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ഈ വര്‍ഷം 55 വയസിന് മുകളിലുള്ള അഞ്ച് ലക്ഷം പുതിയ ഉപയോക്താക്കളെ ഫെയ്സ്ബുക്കിന് ലഭിക്കുമെന്നാണ് ഈ മാര്‍ക്കറ്ററിന്റെ വിലയിരുത്തല്‍. അതായത് ഈ വര്‍ഷം 55 വയസിനും 64 വയസിനും ഇടയിലുള്ള ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 64 ലക്ഷത്തില്‍ എത്തും.

മുതിര്‍ന്നവര്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം പരിചിതമായി വരുന്നതും. മക്കളുമായും കൊച്ചുമക്കളുമായും വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമെല്ലാം ബന്ധപ്പെടുന്നതിനുമായും സോഷ്യല്‍ മീഡിയയിലേക്ക് ചുവടുവെക്കുന്നതും മധ്യവയസ്‌കരായ ഉപയോക്താക്കളുടെ വര്‍ധനയ്ക്ക് കാരണമാണെന്നും വിലയിരുത്തുന്നു. പ്രായം മാനദണ്ഡമാക്കുമ്പോള്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വ്യത്യാസം വരുന്നുണ്ടെങ്കിലും സമൂഹ മാധ്യമരംഗത്ത് പ്രഥമ സ്ഥാനം ഫെയ്സ്ബുക്കിന് തന്നെയാണ്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →