കോട്ടയം: സഭാതർക്കത്തിൽ നിയമനിർമാണത്തിനൊരുങ്ങുന്ന സർക്കാർ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ 2023 മാർച്ച് 12 ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും. തീരുമാനത്തിനെതിരെ തിങ്കളാഴ്ച തലസ്ഥാനത്ത് വൈദികരുടെ ഉപവാസ പ്രതിഷേധം നടക്കും. പള്ളി ഓർത്തഡോക്സ് പക്ഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് എതിർപ്പറിയിച്ചു. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
സഭാ സെക്രട്ടറി ബിജു ഉമ്മൻ, സിനഡ് സെക്രട്ടറി മെത്രാപ്പോലീത്ത അത്മായ സെക്രട്ടറി റോണി വർഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാർട്ടി സെക്രട്ടറിയെ കണ്ടത്. നിലപാട് പാർട്ടി സെക്രട്ടറിയെ അറിയിച്ചതായി ഓർത്തഡോക്സ് സഭ വിശദമാക്കി. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. മുൻപും സർക്കാർ ഈ വിഷയത്തിൽ നിയമ നിർമാണ സാധ്യത പരിഗണിച്ചിരുന്നെങ്കിലും ഓർത്തഡോക്‌സ് വിഭാഗം വലിയ എതിർപ്പ് വ്യക്തമാക്കിയതിന് പിന്നാലെ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
ആരാധനാ സ്വാതന്ത്ര്യവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കിയുള്ള നിയമ നിർമ്മാണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സുപ്രീംകോടതി വിധി മറികടക്കാതെ പരമാവധി രമ്യതയിൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമ നിർമ്മാണത്തിനുള്ള ശ്രമം. ഓരോ പള്ളിക്ക് കീഴിലും ഇരുവിഭാഗങ്ങൾക്കും അവരവരുടെ വിശ്വാസമനുസരിച്ച് ആരാധന നടത്താം എന്നാണ് കരട് ബില്ലിൽ വിശദമാക്കുന്നത്.
ഇതിനാൽ ഇരു വിഭാഗങ്ങളിൽ ആർക്കാണ് പള്ളിയിൽ ഭൂരിപക്ഷം എന്നത് വിഷയമാകില്ല. ഇതിൽ തർക്കമുണ്ടായാൽ പരിശോധിക്കാൻ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങുന്ന സമിതി രൂപവത്ക്കരിക്കും. ഇവരുടെ തീരുമാനത്തിൽ തർക്കമുണ്ടായാൽ 30 ദിവസത്തിനകം സർക്കാരിന് അപ്പീൽ നൽകാമെന്നും കരട് ബില്ല് വിശദമാക്കുന്നു. ഓർത്തഡോക്സ് സഭയുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ നിയമ നിർമ്മാണത്തിനുള്ള സർക്കാർ നിലപാട് സ്വാഗതം ചെയ്യുകയാണ് യാക്കോബായ വിഭാഗം.