മെമ്മറി അഥവാ ഓര്‍മയും മറ്റ് പ്രധാനപ്പെട്ട മാനസികപ്രവര്‍ത്തനങ്ങളും കാലക്രമേണ നശിക്കുന്ന രോഗമാണ് അല്‍ഷിമേഴ്സ്. ഇത് രോഗികളില്‍ ആശയക്കുഴപ്പം, സ്വഭാവമാറ്റം, മറവി, ബുദ്ധിശക്തി, സാമൂഹിക കഴിവുകള്‍ എന്നിവ നഷ്ടപ്പെടുത്തും. വാര്‍ധക്യസഹജമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്സ്. ഇന്ത്യയില്‍ നാല് ദശലക്ഷത്തിലധികം പേര്‍ രോഗബാധിതരാണെന്ന് കണക്കുകള്‍ പറയുന്നു. ലോകമെമ്പാടും 44 ദശലക്ഷം പേരെയാണ് ഈ രോഗം പിടികൂടിയിരിക്കുന്നത്. ഇന്ത്യയില്‍ ഡിമന്‍ഷ്യ അറുപത് വയസും അതില്‍ കൂടുതലും പ്രായമുള്ള ഒരു കോടിയിലധികം ആളുകള്‍ക്ക് ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഡിമന്‍ഷ്യയുടെ വ്യാപകത്വ നിരക്കില്‍ ഇന്ത്യ യുഎസിനും യുകെയ്ക്കും സമാനമാണെന്നും ഈ പഠനം പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പഠനത്തിലാണ് കണ്ടെത്തല്‍. ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണ് ഇത്. ന്യൂറോ എപ്പിഡെമിയോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പ്രായമായ 31,477 പേരില്‍ നിന്നുള്ള ആരോഗ്യ വിവരങ്ങള്‍ സെമി സൂപ്പര്‍വൈസ്ഡ് മെഷിന്‍ ലേണിങ് എന്ന പേരില്‍ അറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നിക് ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.
ഡിമന്‍ഷ്യ എന്ന് ലേബല്‍ ചെയ്യപ്പെട്ട 70 ശതമാനം ഡാറ്റ സെറ്റുകളും ബാക്കി മുപ്പത് ശതമാനം ഡാറ്റ എഐയുടെ പ്രവചന കൃത്യത മനസിലാക്കാന്‍ വേണ്ടി റിസര്‍വ് ചെയ്യപ്പെട്ടവയുമായിരുന്നു. ഇതിലായിരുന്നു ഈ എഐ മാതൃക പരിശീലിപ്പിക്കപ്പെട്ടത്. അണ്‍ലേബല്‍ഡ് ആയിട്ടുള്ള ഡാറ്റ സെറ്റില്‍ നിന്ന് ഡിമന്‍ഷ്യ ഉണ്ടോ എന്നുള്ള പ്രവചനം നടത്താന്‍ എഐ സ്വയം പഠിച്ചു. സങ്കീര്‍ണമായ ഡാറ്റ സെറ്റില്‍ നിന്ന് പാറ്റേണുകള്‍ കണ്ടെത്തുന്നതിന് എഐക്ക് വലിയ സാധ്യതകള്‍ ഉണ്ടെന്ന് ഗവേഷണത്തില്‍ അംഗമായ സറേ സര്‍വകലാശാലയിലെ പ്രഫസര്‍ അഡ്രിയാന്‍ ഹില്‍ട്ടണ്‍ പറഞ്ഞു. ഒരു പ്രത്യേക ജനപഥത്തെ രോഗങ്ങള്‍ എങ്ങനെ ബാധിക്കും എന്ന് മനസിലാക്കാന്‍ എഐ നമ്മളെ കൂടുതല്‍ സഹായിക്കും. കൃത്യതയുള്ള വൈദ്യ ഇടപെടലുകള്‍ക്ക് ഇത് നമ്മെ സഹായിക്കുമെന്നും ഹില്‍ട്ടണ്‍ പറഞ്ഞു.
പ്രീ ഡിമെന്‍ഷ്യ മുതല്‍ നാല് ഘട്ടം
അല്‍ഷിമേഴ്സിന് പ്രധാനമായി നാല് ഘട്ടങ്ങളുണ്ട്. പ്രീ ഡിമെന്‍ഷ്യ എന്ന് വിളിക്കുന്ന ആദ്യകാല ലക്ഷണങ്ങള്‍ പലപ്പോഴും വാര്‍ധക്യം മൂലമോ ജീവിതസമ്മര്‍ദം മൂലമോ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഓര്‍മശക്തിക്കുറവും അടുത്ത കാലത്തായി മനസിലാക്കിയ കാര്യങ്ങള്‍ മറന്നുപോവുന്നതും പുതിയ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധിമുട്ടും സങ്കീര്‍ണമായ ചില ദൈനംദിനകാര്യങ്ങളെ ബാധിച്ചേക്കാം. വളരെ പ്രകടമല്ലെങ്കിലും ശ്രദ്ധ, ആസൂത്രണം, ചിന്ത, ഓര്‍മശക്തി എന്നിവയില്‍ ചെറിയ പിഴവുകള്‍ കാണപ്പെടാം. രണ്ടാമത്തെ ഘട്ടത്തിലെത്തുമ്പോഴേക്കും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും ഓര്‍മശക്തിയിലുമുള്ള പ്രശ്നങ്ങള്‍ പ്രകടമാകും. ചുരുക്കം ചിലരില്‍ ഭാഷ, കാഴ്ചപ്പാട്, ശരീരചലനം എന്നിവയിലെ പ്രശ്നങ്ങള്‍ ഓര്‍മക്കുറവിനെക്കാള്‍ പ്രകടമാവും. ഒരാളുടെ പഴയകാല ഓര്‍മകള്‍, പഠിച്ച വസ്തുതകള്‍, ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുള്ള അറിവ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയതായി ഗ്രഹിച്ച കാര്യങ്ങള്‍ ഓര്‍മിക്കുന്നതിലാണ്, ഈ ഘട്ടത്തിലെ രോഗികളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. പദസമ്പത്തിലെ കുറവ് സംസാരഭാഷയിലും എഴുത്തിലും പ്രകടമാവാം. എന്നാല്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ വലിയ പ്രയാസം കൂടാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ രോഗികള്‍ക്ക് കഴിഞ്ഞേക്കാം.
സാവധാനം രോഗിയുടെ നില വഷളാവുകയും ദൈനംദിനകാര്യങ്ങളിലുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നതാണ് ഡിമെന്‍ഷ്യ എന്ന അടുത്ത ഘട്ടം. വാക്കുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ സംസാര വൈഷമ്യം ഈ ഘട്ടത്തില്‍ കാണാനാവും. എഴുതാനും വായിക്കാനുമുള്ള കഴിവ് ക്രമേണ നഷ്ടപ്പെടും. വീഴ്ചയ്ക്ക് സാധ്യത കൂടുതലാണ്. അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവും. അലഞ്ഞുതിരിയല്‍, പെട്ടെന്ന് ദേഷ്യം വരല്‍ എന്നിങ്ങനെ ലക്ഷണങ്ങള്‍ കാണാം. ഡിമെന്‍ഷ്യ മൂര്‍ധന്യമാകുന്ന നാലാമത്തെ ഘട്ടമാവുന്നതോടെ രോഗിക്ക് പരിപൂര്‍ണ പരിചരണമില്ലാതെ ജീവിക്കാന്‍ സാധ്യമല്ലാതാവുന്നു. ഭാഷയുപയോഗിച്ചുള്ള ആശയവിനിമയം ഒറ്റ വാക്കിലോ ചെറിയ വാചകങ്ങളിലോ ഒതുങ്ങും. അവസാനം തീരെ ഇല്ലാതാവുന്നു. പേശികള്‍ ശോഷിച്ച് നടക്കാനോ സ്വന്തമായി ഭക്ഷണം കഴിക്കാനോ ഉള്ള ശേഷിയും നഷ്ടപ്പെടുന്നു. ന്യൂമോണിയയോ അള്‍സറുകളോ പോലുള്ള മറ്റ് അസുഖങ്ങളാലാണ് രോഗിയുടെ അന്ത്യം സംഭവിക്കാറ്.
പഠനത്തിലെ കണ്ടെത്തലുകള്‍
ന്യൂഡല്‍ഹി ഏയിംസിലെയടക്കം വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യയില്‍ അറുപത് വയസും അതില്‍ കൂടുതലും പ്രായമായവരിലുള്ള ഡിമന്‍ഷ്യയുടെ പ്രിവേലന്‍സ് റേറ്റ് 8.44 ശതമാനമാണെന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയത്. ഇത് ഒരു കോടി എണ്‍പതിനായിരം ആളുകള്‍ വരും. ഇതെ പ്രായമുള്ളവരിലെ ഡിമന്‍ഷ്യയുടെ പ്രിവേലന്‍സ് റേറ്റ് യുഎസില്‍ 8.8 ശതമാനം,യുകെയില്‍ 9 ശതമാനം, ജര്‍മനിയിലും ഫ്രാന്‍സിലും 8.5 ശതമാനത്തിനും 9 ശതമാനത്തിനും ഇടയില്‍ എന്നിങ്ങനെയാണെന്നും ഗവേഷകര്‍ പറയുന്നു. പ്രായമായവര്‍, സ്ത്രീകള്‍, വിദ്യാഭ്യാസം തീരെ ലഭിക്കാത്തവര്‍, ഗ്രാമത്തില്‍ ജീവിക്കുന്നവര്‍ എന്നിവരില്‍ ഡിമന്‍ഷ്യയുടെ പ്രിവേലന്‍സ് റേറ്റ് കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി.
രാജ്യത്തെ ആദ്യത്തെ ദേശീയ പ്രാതിനിധ്യമുള്ള 30,000 പ്രായമായ ആളുകളില്‍ നടത്തിയ ഏജിങ് പഠനത്തിന്റെ അടിസ്ഥാനത്തിലുമുള്ള ഗവേഷണമാണ് തങ്ങളുടേത് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിലെ ഹെല്‍ത്ത് ഡാറ്റ സയന്‍സിലെ പ്രഫസര്‍ ഹമിയോ ജിന്‍ പറഞ്ഞു. എഐക്ക് ഇത്തരത്തിലുള്ള ബൃഹത്തായതും സങ്കീര്‍ണമായതുമായ ഡാറ്റ വ്യാഖ്യാനിക്കുന്നതില്‍ വ്യതിരക്തമായ രീതിയിലുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശിയമായ സാമ്പിളുകളില്‍ നിന്ന് മുമ്പ് കണക്കാക്കിയതിനേക്കാളും ഇന്ത്യയില്‍ ഡിമന്‍ഷ്യയുടെ വ്യാപകത്വ നിരക്ക് കൂടുതലാണെന്ന് തങ്ങളുടെ ഗവേഷണത്തില്‍ കണ്ടെത്തി. പഠനത്തിനായി സറേ സര്‍വകലാശാല, യുഎസിലെ സര്‍വകലാശാലകളായ സതേര്‍ണ്‍ കാലിഫോര്‍ണിയ, മിഷിഗണ്‍, ഏയിംസ് ന്യൂഡല്‍ഹി എന്നിവയിലെ ഗവേഷകരാണ് എഐ പഠന മാതൃക വികസിപ്പിച്ചത്.

