സ്വ‍ര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്

കൊച്ചി:  സ്വര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്. വിവരങ്ങള്‍ 09/03/23 വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ഫേസ് ബുക്ക് ലൈവിൽ പുറത്തുവിടുമെന്ന് സ്വപ്ന ഫേസ് ബുക്കിൽ പോസ്റ്റിട്ടു. സ്വര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പ് ,അതും എന്റെയടുത്ത് എന്നാണ് സ്വപ്നയുടെ പോസ്റ്റ്. 

അതിനിടെ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. യുഎഇയിലെ റെഡ് ക്രസന്റിനെ സംസ്ഥാനത്തെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിൽ നി‍ർണായക ചുമതല വഹിച്ചത് രവീന്ദ്രനെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.

രണ്ടു ദിവസമായി ഇരുപത് മണിക്കൂ‍ർ ചോദ്യം ചെയ്തെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവശക്തനായ സിഎം രവീന്ദ്രനെ പ്രതിചേർക്കുന്നകാര്യത്തിൽ ഇ ഡി അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാൽ അതിനുളള സാധ്യത തളളിക്കളയുന്നുമില്ല. രവീന്ദ്രൻ രണ്ടു ദിവസമായി നൽകിയ മൊഴി ഏൻഫോഴ്സ്മെന്റ് പരിശോധിക്കുകയാണ്. ഇത് ശരിയാണോയെന്നറിയാൽ പദ്ധതിയുമായി നേരിട്ടിടപെട്ട ചിലരിൽ നിന്ന് വിശദാംശങ്ങളും തേടുന്നുണ്ട്. മൊഴിയിൽ വ്യക്തത വരുത്തിയശേഷമാകും രവീന്ദ്രനെ വീണ്ടു വിളിച്ചുവരുത്തുക. അത് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നാണ് എൻഫോഴ്സ്മെന്റ് ഏജൻസി വൃത്തങ്ങൾ പറയുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലേക്ക് യു എഇ റെഡ് ക്രസിന്റിനെ കൊണ്ടുവരുന്നതിന് രവീന്ദ്രനും സജീവമായി ഇടപെട്ടെന്ന് സ്ഥിരീകരിക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിഞ്ഞിട്ടുണ്ട്. 

എന്നാൽ ഇതിൽ കളളപ്പണഇടപാടുണ്ടെന്ന് അറിഞ്ഞുകൊണ്ടാണോ ഇടപെട്ടതെന്നാണ് പരിശോധിക്കുന്നത്. അതിൽ വ്യക്തത വന്നശേഷമാകും രവീന്ദ്രനെ എന്തു ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് തീരുമാനിക്കുക. വ്യവസായി എംഎ യൂസഫലിക്ക് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നതായി ഇ ഡി വൃത്തങ്ങൾ സ്ഥീരികരിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെച്ച ചില ഔദ്യോഗിക ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിരുന്നതായി മൊഴികിട്ടിയെന്നും സാക്ഷിയെന്ന നിലയിലാണ് നോട്ടീസ് നൽകിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →