ന്യൂയോര്‍ക്ക്: അലബാമയിലെ സെല്‍മയില്‍നിന്നു മടങ്ങുമ്പോള്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന് എയര്‍ഫോഴ്‌സ് വണ്ണിന്റെ പടികളില്‍ കാലിടറി. 58 വര്‍ഷം മുമ്പ് നടന്ന പൗരാവകാശ മാര്‍ച്ചിന്റെ (ബ്ലഡി സണ്‍ഡേ) ക്രൂരമായ അടിച്ചമര്‍ത്തലിനെ അനുസ്മരിച്ചു മടങ്ങുമ്പോഴാണിത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വിമാനത്തിന്റെ പടികള്‍ കയറുന്നതിനിടെ ബൈഡനു കാലിടറുന്നത്. ഇക്കഴിഞ്ഞമാസം 22 ന് പോളണ്ടില്‍നിന്നു പുറപ്പെടുമ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.
കഴിഞ്ഞ വര്‍ഷം മേയില്‍ ഇല്ലിനോയിസിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ കയറുമ്പോള്‍ എണ്‍പതുകാരനായ ബൈഡനു കാല്‍ വഴുതി. അന്ന്വ കൈരിയില്‍ പിടിച്ചതിനാല്‍ വീഴാതെ രക്ഷപ്പെട്ടു. സെല്‍മയില്‍ ബ്ലഡി സണ്‍ഡേയെ അനുസ്മരിക്കുന്ന വേളയില്‍ ‘നല്ലതും’ ‘ചീത്ത’യുമായ മുഴുവന്‍ യു.എസ് ചരിത്രവും അറിയേണ്ടതിന്റെ പ്രാധാന്യം യു.എസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു.
1965 മാര്‍ച്ച് ഏഴിന് സമാധാനപരമായി മാര്‍ച്ച് നയിച്ച നൂറുകണക്കിന് ആളുകളെ പോലീസ് അക്രമാസക്തമായി അടിച്ചമര്‍ത്തിയ എഡ്മണ്ട് പെറ്റസ് പാലത്തില്‍ നിന്നാണു ബൈഡന്‍ ഇന്നലെ പ്രസംഗിച്ചത്. സെല്‍മയുടെ സത്യം എല്ലാവരും അറിയണമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.