കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖ പുറത്തുവന്നു. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെെവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് 2019 ജൂലൈയിൽ ലൈഫ് മിഷൻ സി.ഇ.ഒ. യു.വി ജോസിന് അന്നത്തെ അഡീ. ചീഫ് സെക്രട്ടറി നൽകിയ കത്ത് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാനാണ് കത്തിൽ ആവശ്യപ്പെടുന്നത്.
സർക്കാർ ഭൂമിയിൽ റെഡ് ക്രസന്റ് നേരിട്ട് ഭവനനിർമാണം ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തും. ഇവരുമായുള്ള ധാരണാപത്രം നടപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കിനൽകണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. തനിക്ക് ലഭിച്ച നിർദേശത്തിനനുസരിച്ചാണ് ധാരണാപത്രം അടക്കമുള്ള നടപടികളിലേക്ക് കടന്നതെന്ന യു.വി ജോസ് മുമ്പ് മൊഴി നൽകിയിരുന്നു. ഈ മൊഴിയെ സാധൂകരിക്കുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്.
അതിനിടെ, ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സി.എം. രവീന്ദ്രനെ ഇ.ഡി 10 മണിക്കൂർ ചോദ്യംചെയ്തു. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ചാറ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി പരിചയമുണ്ടായിരുന്നോ, സർക്കാർ തലത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ടോ എന്നിവ അറിയുകയാണ് ഇ.ഡി.യുടെ ലക്ഷ്യം.

