നാസിക്: വിളവെടുക്കാൻ പാകത്തിലായ ഉള്ളിച്ചെടികൾ കത്തിച്ച് കർഷകന്റെ പ്രതിഷേധം. വിളയ്ക്ക് അർഹിക്കുന്ന വില ലഭിക്കാത്തതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം അറിയിക്കാൻ വേണ്ടി ആയിരുന്നു കൃഷിയിടത്തിന് തീയിട്ടത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. യവേല താലൂക്കിലെ കർഷകനായ കൃഷ്ണ ദോങ്‌റെയാണ് തന്റെ വിളകൾ കത്തിച്ചുകളഞ്ഞത്.
ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് ഉള്ളിക്കൃഷി നടത്തിയത്. നാലുമാസത്തിനിടെ കൃഷിക്കായി ഇയാൾ ഒന്നര ലക്ഷം രൂപ നിലവിൽ ചെലവഴിച്ചിട്ടുണ്ട്. വിപണിയിൽ വിപണിയിൽ വിള എത്തിക്കാൻ 30,000 രൂപകൂടി ചെലവാക്കേണ്ടതുണ്ട്. എന്നാൽ, നിലവിലെ വിപണി വിലയനുസരിച്ച് തന്റെ വിളയ്ക്ക് 25,000 രൂപ മാത്രമേ ലഭ്യമാകൂ എന്നാണ് കൃഷ്ണ ദോങ്‌റെ പറയുന്നത്.
നാലുമാസം രാവും പകലും അധ്വാനിച്ചാണ് ഞാൻ ഒന്നര ഏക്കറിൽ കൃഷിയിറക്കിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയെ തുടർന്ന് വിള കത്തിച്ചുകളയാൻ താൻ നിർബന്ധിതനായിരിക്കുകയാണ്. കർഷകർക്കൊപ്പം നിൽക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണം. നിലവിലെ സംഭരണ വിലയനുസരിച്ച് സ്വന്തം കൈയിൽ നിന്ന് പണം അങ്ങോട്ട് നൽകേണ്ട അവസ്ഥയാണ്.’- കർഷകൻ പറയുന്നു.

