ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.) നേതാവ് കോണ്‍റാഡ് സാങ്മ ഇന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. 12 അംഗ മന്ത്രിസഭയില്‍ എന്‍.പി.പിക്ക് എട്ടു മന്ത്രിമാരുണ്ടാകും. സഖ്യകക്ഷികളായ യുെണെറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടി (യു.ഡി.പി.)യില്നിന്ന് രണ്ടുപേരും ബി.ജെ.പി, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (എച്ച്.എസ്.പി.ഡി.പി.) എന്നിവയില്‍ നിന്ന് ഓരോരുത്തരും മന്ത്രിസഭാംഗങ്ങളാകും. എന്‍.പി.പി. നേതൃത്വത്തിലുള്ള സഖ്യം മേഘാലയ ഡമോക്രാറ്റിക് അലയന്‍സ് 2.0 എന്ന് അറിയപ്പെടുമെന്നും കോണ്‍റാഡ് സാങ്മ അറിയിച്ചു.
60 അംഗ സഭയില്‍ 26 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എന്‍.പി.പിക്ക് 11 സീറ്റ് ലഭിച്ച യു.ഡി.പിയും രണ്ടു സീറ്റ് വീതം ലഭിച്ച ബി.ജെ.പി., എച്ച്.എസ്.പി.ഡി.പി., പീപ്പിള്‍സ് ഡമോക്രാറ്റിക് ഫ്രണ്ട് എന്നിവയും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. രണ്ടു സ്വതന്ത്ര എം.എല്‍.എമാരും പിന്നീട് സങ്മയ്ക്ക് പിന്തുണ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഷില്ലോങ്ങില്‍ എത്തുമെന്നാണു സൂചന. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നലെ വിളിച്ചുചേര്‍ത്തിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി സഭ ഒമ്പതിനു വീണ്ടും ചേരും. കോണ്‍ഗ്രസ് (5 സീറ്റ്), തൃണമൂല്‍ കോണ്‍ഗ്രസ് (5), വോയിസ് ഓഫ് ദ പീപ്പിള്‍സ് പാര്‍ട്ടി (4) എന്നിവയാണു പ്രതിപക്ഷ നിരയില്‍.

