കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് പി.കെ. അശോകനെ രോഗിയുടെ ബന്ധുക്കൾ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണു സമരം. അത്യാഹിതവിഭാഗം മാത്രമേ പ്രവർത്തിക്കൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരോടും സമരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ പേർക്കെതിരേയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തില്ലെങ്കിൽ സ്‌റ്റെത്ത് ഡൗൺ, പെൻ ഡൗൺ സമരവുമായി മുന്നോട്ടുപോകുമെന്നും ഐ.എം.എ. വ്യക്തമാക്കി. പോലീസ് സംഘം നോക്കിനിൽക്കെയാണു രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചത്. മർദനത്തിൽ ഡോ. അശോകന്റെ മൂക്കിന്റെ എല്ലിനു പൊട്ടലുണ്ട്. മുൻനിര പല്ലുകൾക്ക് സാരമായ പരുക്കേറ്റിട്ടുമുണ്ട്. ബോധരഹിതരായ അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. ഇത്തരം സംഭവങ്ങൾ ഡോക്ടർ-രോഗിബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഐ.എം.എ. വ്യക്തമാക്കി.