കൊച്ചി: മലയാള കവിതയുടെ ചരിത്രത്തിൽ വഴിത്തിരിവായൊരു കവിത അതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നു. 1972ൽ കെ ജി ശങ്കരപ്പിള്ള രചിച്ച ‘ബംഗാൾ’ എന്ന കവിതയാണ് രചനയുടെ അൻപതാം വർഷത്തിന്റെ നിറവിൽ ആഘോഷിക്കപ്പെടുന്നത്. കേരളം വിപ്ലവത്തിന്റെ വിളി കാതോർത്തിരുന്നൊരു കാലത്തു മധ്യവർഗ്ഗ മലയാളിയുടെ ആശങ്കകളെയും സംത്രാസങ്ങളെയും ആശങ്കകളെയും കൊണ്ടാടിയ കവിതയാണ് ‘ബംഗാൾ’. മലയാള കവിതയെ രാഷ്ട്രീയവൽക്കരിച്ച കവിതയെന്നു നിലയിലും കാല്പനികതയുടെ അതിപ്രസരത്തിനു തടയിട്ടു കവിതയെന്നു നിലയിലും മറ്റും നമ്മുടെ കാവ്യചരിത്രത്തിൽ ‘ബംഗാളി’ന്റെ സ്ഥാനം പ്രധാനമാണ്. രചനയുടെ സമയത്തും പിന്നീടും കവിത വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
‘ബംഗാൾ’ കവിതയുടെ രാഷ്‌ടീയവും സാംസ്കാരികമായതുമായ പശ്ചാത്തലത്തെ അപഗ്രഥിച്ചുകൊണ്ടു മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ ലേഖനങ്ങളെയും പഠനങ്ങളെയും സമാഹരിച്ചുകൊണ്ടാണ് ഈ കവിതയ്ക്കു ‘ ബംഗാൾ വർഷങ്ങൾ’ എന്ന പേരിൽ ഒരു ഓർമ്മപ്പുസ്തകമിറങ്ങുന്നത്. പ്രശസ്ത നിരൂപകൻ ഇ.വി. രാമകൃഷ്ണനും, എഴുത്തുകാരനും പത്രപ്രവർത്തകനുമായ എം.എ. ഷാനവാസും ചേർന്നാണ് പുസ്തകം എഡിറ്റു ചെയ്തിരിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള പ്രണത ബുക്‌സാണ് പ്രസാധകർ. 2023 മാർച്ച് 5 ഞായറായഴ്ച രാവിലെ 11ന് ബിനാലെ വേദിയായ ഫോട്കൊച്ചി കബ്രാൾ യാർഡിൽ പുസ്തകപ്രകാശനം നടക്കും.
കാലടി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ, പ്രശസ്ത ചിത്രകാരി കബിത മുഖോബാധ്യായ്ക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിക്കും, കെജിഎസ്, ഇ.വി. രാമകൃഷ്ണൻ, നോവലിസ്റ്റ് പി.എഫ്. മാത്യൂസ്, എം. സുചിത്ര, ഷാനവാസ് എം.എ, എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഷാജി ജോർജ് പ്രണത
9447194038