ബംഗളൂരു: ജോലിയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നു സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. ഒറ്റയ്ക്കും എം. ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങള്‍ക്കായിമാത്രം താന്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും തന്നെ കണ്ടിട്ടുപോലുമില്ലെന്നു പറയാന്‍ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നുവെന്നു സ്വപ്‌ന ചോദിച്ചു. മുഖ്യമന്ത്രിയെ കണ്ട തീയതികള്‍ പുറത്തുവിടുമെന്നു പറഞ്ഞ അവര്‍, അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ധൈര്യമുണ്ടോയെന്നു വെല്ലുവിളിച്ചു.
”എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും നിയമസഭയില്‍ പച്ചക്കള്ളം വിളിച്ചുപറയാന്‍ മുഖ്യമന്ത്രിക്കു നാണമില്ലേ? സഭയില്‍ പ്രസ്താവന നടത്താതെ തെളിവുമായി മുഖ്യമന്ത്രി വരട്ടെ. സ്‌പേസ് പാര്‍ക്കിലെ ജോലിക്കു മുമ്പ് എന്നെ നോര്‍ക്കയില്‍ നിയമിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നു. ഇതു മുഖ്യമന്ത്രിക്കും അറിയാം. ഇതിനിടെയാണ് എം.എ. യൂസഫലിയുടെ എതിര്‍പ്പു വന്നത്. ഇതേത്തുടര്‍ന്നാണു സ്‌പേസ് പാര്‍ക്കില്‍ എന്നെ നിയമിക്കാന്‍ തീരുമാനമായത്. യു.എ.ഇ. കോണ്‍സുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകള്‍ നിലയ്ക്കുമോയെന്നു രവീന്ദ്രന്‍ ഭയന്നിരുന്നു. യൂസഫലി എന്തുകൊണ്ട് എന്നെ എതിര്‍ത്തു എന്നതു പിന്നീടു വെളിപ്പെടുത്താം.
മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും ബിസിനസ് ആവശ്യത്തിനായി ഗള്‍ഫില്‍ വരെ പോയിട്ടുണ്ട്. ഒരുപാട് ബിസിനസ് ഡീലിങ്‌സ് നടത്തി. യാത്രകള്‍ നടത്തി. സദസില്‍ വന്നിരുന്നു പച്ചക്കള്ളം വിളിച്ചുപറയുമ്പോള്‍ എല്ലാവരും മിണ്ടാതിരിക്കണോ? ഇതിനു തെളിവുതരാം. പോയ തീയതി, വാഹനം, രേഖകള്‍ എല്ലാം കൈയിലുണ്ട്. ഓരോന്നായി പുറത്തുവരണം. ജനങ്ങളോടു കള്ളം പറയരുത്. അന്വേഷണസംഘത്തിനു മുന്നില്‍ എല്ലാ തെളിവുകളുമുണ്ട്. അതുകൊണ്ടാണ് അവര്‍ ശരിയായ ദിശയില്‍ പോകുന്നത്. മുഖ്യമന്ത്രിക്ക് എന്നെ അറിയില്ലെന്നാണു പറഞ്ഞത്. ഇപ്പോള്‍ പുറത്തുവന്ന ചാറ്റുകളില്‍നിന്ന് എന്താണു മനസിലാകുന്നത്. ഞാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ പഴ്‌സണലി പോയിട്ടുണ്ട്.
ഒറ്റയ്ക്കിരുന്നു സംസാരിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലുമായും പോയി സംസാരിച്ചിട്ടുണ്ട്. ജോലിയുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ ഒറ്റയ്ക്കു പോയിട്ടുണ്ട്. ഇതൊക്കെ നിഷേധിക്കുന്നത് എന്തിനാണ്. നിയമസഭ പോലെ പുണ്യമായ സ്ഥലത്തുവന്നിരുന്നു പച്ചക്കള്ളം പറയേണ്ട കാര്യം എന്താണ്. ജോലിക്കാര്യത്തില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയുമായി അനുമതി വാങ്ങിയശേഷമാണ്”- സ്വപ്‌ന പറഞ്ഞു.

