നാഷണല്‍ ആശുപത്രിക്കെതിരേ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡിലെ നാഷണല്‍ ആശുപത്രിയില്‍ രോഗിയുടെ ഇടതുകാലിനു പകരം വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം ആരംഭിച്ചു. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി മാര്‍ച്ച് രണ്ടിന് അഡീഷണല്‍ ഡി.എം.ഒ.: എ.പി. ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നാഷണല്‍ ആശുപത്രി സന്ദര്‍ശിച്ച് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ബഹിര്‍ഷാനില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും വിശദീകരണം തേടും.

ഇടതുകാലിനു പകരം വലതുകാലില്‍ ശസ്ത്രക്രിയ ചെയ്യാനുണ്ടായ സാഹചര്യമാണു വിദഗ്ധസംഘം പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി അന്വേഷിക്കുന്ന നടക്കാവ് പോലീസിന്റെ ആവശ്യപ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ഫെബ്രുവരി 21നാണ് കക്കോടി മക്കട നക്ഷത്ര വീട്ടില്‍ സുകുമാരന്റെ ഭാര്യ സജ്‌ന നാഷണല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. നാഷണല്‍ ആശുപത്രി ഓര്‍ത്തോ വിഭാഗം മേധാവി ബഹിര്‍ഷാനിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഇടതുകാലിന്റെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാന്‍ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് സജ്‌ന ഡോക്ടറുടെ അനാസ്ഥയ്ക്ക് ഇരയായത്. ശസ്ത്രക്രിയ കഴിഞ്ഞു ബോധം തെളിഞ്ഞപ്പോഴാണ് പരുക്കുപറ്റിയ ഇടതുകാലിനു പകരം വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന കാര്യം സജ്‌ന അറിയുന്നത്. ഇക്കാര്യം ഡോക്ടര്‍ തുറന്നുസമ്മതിക്കുന്ന ദൃശ്യങ്ങള്‍ രോഗിയുടെ കുടുംബം പുറത്തുവിട്ടിരുന്നു. സജ്‌നയെ തുടര്‍ചികിത്സയ്ക്കായി ബന്ധുക്കള്‍ പിന്നീട് നാഷണല്‍ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

സംഭവത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ആരോഗ്യവകുപ്പ് മന്ത്രിക്കും ഡി.എം.ഒയ്ക്കും പോലീസിനും പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. സംഭവം വിവാദമായപ്പോള്‍ വലതുകാലിന് കുഴപ്പമുണ്ടെന്ന് വരുത്താന്‍ ചികിത്സാരേഖകളില്‍ ആശുപത്രി മാനേജ്‌മെന്റ് തിരിമറി നടത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വലതു കാലിനും പരുക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസ്ത്രക്രിയ ചെയ്തതെന്നായിരുന്നു ഡോക്ടറുടെ ആദ്യ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →