ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മാര്‍ച്ച് 2 ന് ഇന്ത്യയിലെത്തും. റെയ്‌സിന ഡയലോഗില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ജോര്‍ജിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഉപപ്രധാനമന്ത്രി അന്റോണിയോ തജാനിയും ഉന്നത വ്യവസായ പ്രതിനിധി സംഘവും മെലോണിയെ അനുഗമിക്കും. 2018 ഒക്ടോബറില്‍ അന്നത്തെ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഇന്ത്യ സന്ദര്‍ശിച്ചതിന് ശേഷം ഒരു മുതിര്‍ന്ന ഇറ്റാലിയന്‍ നേതാവ് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ജിയോ പൊളിറ്റിക്‌സ്, ജിയോ ഇക്കണോമിക്‌സ് എന്നിവയെക്കുറിച്ചുള്ള രാജ്യത്തെ പ്രധാന സമ്മേളനമായ റെയ്‌സിന ഡയലോഗില്‍ അവര്‍ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകയും ആയിരിക്കും. ജോര്‍ജിയ മെലോണിയുടെ സന്ദര്‍ശനം ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മാര്‍ച്ച് 2 ന് ഇന്ത്യയിലെത്തും
