വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിന് ആവേശോജ്വല പരിസമാപ്തി. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ അവസാന നിമിഷം ഒരു റണ്‍സിന് ന്യൂസിലാന്‍ഡ് ചരിത്ര വിജയം നേടി. ഫോളോ ഓണ്‍ വഴങ്ങിയാണ് കിവീസ് ഗംഭീര ജയത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 256 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ എട്ട് വിക്കറ്റിന് 435 റണ്‍സെടുത്ത് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തിരുന്നു. ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിംഗ്സ് 209 റണ്‍സിലൊതുങ്ങി ഫോളോ ഓണ്‍ വഴങ്ങി. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 483 റണ്‍സ് നേടാനായി. അവസാന ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 90 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ച് വിക്കറ്റും കൈയിലുണ്ടായിരുന്നു. എന്നാല്‍, ഉച്ചഭക്ഷണത്തിന് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ വിക്കറ്റുകള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടു. അവസാനം രണ്ട് വിക്കറ്റ് ശേഷിക്കെ പത്ത് റണ്‍സ് മതിയെന്നായി. ഇതിനിടെ സൗത്തീ ഒരു വിക്കറ്റെടുത്തു. അപ്പോള്‍ ഏഴ് റണ്‍സായിരുന്നു വേണ്ടത്. ഇംഗ്ലണ്ടിന്റെ ജിമ്മി ബൗണ്ടറി നേടിയതോടെ രണ്ട് റണ്‍സ് മതിയായിരുന്നു വിജയിക്കാന്‍. എന്നാല്‍, കിവീസിന്റെ നീല്‍ വാഗ്‌നര്‍ വിക്കറ്റ് കൊയ്ത് ഇംഗ്ലണ്ടിന്റെ വിജയ മോഹത്തെയും പരമ്പര നേട്ടത്തെയും കുഴിച്ചുമൂടുകയായിരുന്നു.