കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വാരപ്പെട്ടി സ്വദേശിയായ വിദേശമലയാളിക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചെന്ന വിജിലന്‍സ് കണ്ടെത്തലില്‍ പ്രത്യേക സംഘം പരിശോധന നടത്തി. ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് വിജിലന്‍സ് പുറത്തു കൊണ്ടുവന്ന സാഹചര്യത്തിലാണു റവന്യൂ സംഘം അപേക്ഷകരെ തേടി വീടുകളിലെത്തിയത്. എറണാകുളം കലക്ട്രേറ്റില്‍നിന്നും കോതമംഗലം താലൂക്ക് ഓഫീസില്‍നിന്നുമുള്ള പ്രത്യേക സംഘമാണു വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് പ്രവാസിയായ ഷിബു ജോസിന്റെ വീട്ടില്‍ എത്തിയത്.
എന്നാല്‍, താന്‍ നിയമാനുസൃതമായ രീതിയിലാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും, രണ്ട് വര്‍ഷമായി നാട്ടില്‍ ജോലിയില്ലാതെ വൃക്കരോഗിയായി കഴിയുകയായിരുന്നുവെന്നും ഷിബു ജോസ് പറഞ്ഞു. ഏഴ് മാസം മുമ്പ് വൃക്ക മാറ്റിവച്ചതിന് 18 ലക്ഷം രൂപ ചെലവായെന്നും ഇപ്പോള്‍ തുടര്‍ചികിത്സക്ക് 30,000 രൂപ മാസം തോറും വേണമെന്നും ഷിബു കൂട്ടിച്ചേര്‍ത്തു. 18 വര്‍ഷം കുവൈത്തില്‍ ജോലിയുണ്ടായിരുന്ന തനിക്ക് വീടും 19 സെന്റ് സ്ഥലവും അല്ലാതെ മറ്റ് സ്വത്തുക്കളോ വരുമാനമോ ഇല്ലെന്നും ഷിബു പറഞ്ഞു.

