ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ജേതാക്കളായി ഓസ്‌ട്രേലിയ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയെ 19 റണ്ണിനു തോല്‍പ്പിച്ച് ഓസ്‌ട്രേലിയ വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ജേതാക്കളായി. ലോകകപ്പില്‍ ഇതുവരെ ആറു തവണയാണ് ഓസീസ് വനിതകള്‍ മുത്തമിടുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറ് വിക്കറ്റിന് 156 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഫൈനലിലെ അവസാന പന്ത് എറിഞ്ഞ് കഴിഞ്ഞപ്പോള്‍ ആറിന് 137 റണ്ണെന്ന നിലയിലായിരുന്നു. സിനാലോ ജാഫ്ത (ഒന്‍പത്), നാദിന ഡി ക്ലാര്‍ക്ക് (എട്ട്) എന്നിവര്‍ ക്രീസിലുണ്ടായിരുന്നെങ്കിലും ടീമിനു കന്നിക്കിരീടം നേടിക്കൊടുക്കാനായില്ല.

ആഷ്‌ലീഗ് ഗാഡ്‌നര്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 27 റണ്ണായിരുന്നു. ആദ്യ പന്ത് നേരിട്ട ജാഫ്ത ഒരു റണ്‍ ഓടിയെടുത്തു. അടുത്ത പന്തില്‍ നാദിനയും സിംഗിളെടുത്തു. മൂന്നാമത്തെ പന്തിലും വീണത് ഒരു റണ്‍. അതോടെ ഓസീസ് താരങ്ങളുടെ മുഖത്ത് കിരീടനേട്ടത്തിന്റെ ഓളമായി. അവസാന മൂന്ന് പന്തുകളും നാദിദ അതിര്‍ത്തി കടത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അവസാന അഞ്ച് ഓവറുകളില്‍ നിയന്ത്രിച്ചെറിഞ്ഞ ഓസീസ് ബൗളര്‍മാര്‍ 39 റണ്‍ മാത്രമാണു വഴങ്ങിയത്.

157 റണ്ണിന്റെ വിജയ ലക്ഷ്യം നേടാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഓപ്പണര്‍ ലോറ വല്‍വര്‍ദ് (48 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 61) മികച്ച പോരാട്ടം പുറത്തെടുത്തു. ചോലെ ട്രൈയണ്‍ (23 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 25) വെടിക്കെട്ടായെങ്കിലും വൈകി. ഓപ്പണര്‍ താസ്മിന്‍ ബ്രിറ്റ്‌സ് (10), മാരിസാന കാപ് (11), നായിക സുനെ ലുസ് (രണ്ട്) എന്നിവര്‍ വന്നതും പോയതും ക്ഷണത്തിലായി. സ്‌കോര്‍ നൂറ് കടന്ന ശേഷമാണു ലോറ പുറത്തായത്. ഓസീസിനു വേണ്ടി മെഗാന്‍ ഷ്വറ്റ്, ആഷ്‌ലീഗ് ഗാഡ്‌നര്‍, ഡാര്‍സി ബ്രൗണ്‍, ജെസ് ജോനാസെന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. അനീകെ ബോഷ് (ഒന്ന്) റണ്ണൗട്ടായി. ടോസ് നേടിയ ഓസീസ് നായിക മെഗ് ലാന്നിങ് ബാറ്റിങ് തെരഞ്ഞെടുത്തു. ബെത്ത് മൂണിയും (53 പന്തില്‍ ഒരു സിക്‌സറും ഒന്‍പത് ഫോറുമടക്കം പുറത്താകാതെ 74) അലീസ ഹീലിയും (20 പന്തില്‍ 18) അവര്‍ക്ക് മികച്ച തുടക്കം നല്‍കി. അഞ്ചാം ഓവറിന്റെ അവസാന പന്തില്‍ ഹീലിയെ മാറിസാന കാപ് നാദിന ഡി ക്ലാര്‍ക്കിന്റെ കൈയിലെത്തിച്ചു. മൂന്നാമതായി ഇറങ്ങിയ ആഷ്‌ലീഗ് ഗാഡ്‌നറും (21 പന്തില്‍ രണ്ട് സിക്‌സറും ഫോറുമടക്കം 29) മൂണിയും ചേര്‍ന്നു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. ഗാഡ്‌നര്‍ ചോലെ ട്രൈയണ്‍ എറിഞ്ഞ 12-ാം ഓവറില്‍ പുറത്തായി. സ്‌കോര്‍ 82 ലെത്തി നില്‍ക്കേയായിരുന്നു ഗാഡ്‌നര്‍ മടങ്ങിയത്. ഗ്രേസ് ഹാരിസ് (10), നായിക മെഗ് ലാന്നിങ് (10), എലിസ പെറി (ഏഴ്), ജോര്‍ജിയ വെയര്‍ഹാം (0) എന്നിവര്‍ കൂറ്റനടികള്‍ക്കു ശ്രമിച്ചു പുറത്തായി. അവസാന അഞ്ച് ഓവറില്‍ 46 റണ്‍ മാത്രമാണ് അടിച്ചെടുക്കാനായത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഷബ്‌നിം ഇസ്മായില്‍, മാരിസാന കാപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നോങ്കുലുലേകു എംലാബ, ട്രൈയണ്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →