വര്‍ഗീയ സംഘര്‍ഷം:ഹരിയാനയിലെ നൂഹില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ചണ്ഡീഗഡ്: വര്‍ഗീയ സംഘര്‍ഷവും ക്രമസമാധാനപ്രശ്നങ്ങളും പരിഗണിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ്. സൗകര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പശു സംരക്ഷകര്‍ രാജസ്ഥാനില്‍നിന്നു രണ്ടുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണു നടപടി. നിയന്ത്രണങ്ങള്‍ മൂന്നു ദിവസം തുടരുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. ഇതനുസരിച്ച് 28 വരെ മേഖലയില്‍ മൊെബെല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളോ എസ്.എം.എസ്. സൗകര്യമോ ഉണ്ടാകില്ല.

തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍കാരുടെ മൃതദേഹം ഹരിയാനയിലെ ഭിവാനിയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ കഴിഞ്ഞ ദിവസം നുഹ്-അല്‍വാര്‍ ഹൈവേ ഉപരോധിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് നുഹ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ചിരിക്കുന്നത്. ബാങ്കിങ്, റീചാര്‍ജിങ് എന്നിവയുമായി ബന്ധപ്പെട്ടതല്ലാത്ത എസ്.എം.എസ്. സേവനങ്ങളും മൊെബെല്‍ നെറ്റ്വര്‍ക്കുകളില്‍ നല്‍കുന്ന ഡോംഗിള്‍ സേവനങ്ങളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, വോയ്സ് കോളുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സാമുദായിക സംഘര്‍ഷത്തിനും സമാധാനത്തകര്‍ച്ചയ്ക്കുമുള്ള സാധ്യത മുന്നില്‍ കണ്ടാണു നിയന്ത്രണങ്ങളെന്നാണു വിശദീകരണം. എസ്.എം.എസ് മുഖേനയും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയും തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കപ്പെടാം. ഇതു തടയാന്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ ദേശീയപാത ഒരു മണിക്കൂറോളം സ്തംഭിച്ചെങ്കിലും പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി. എന്നാല്‍ അതിനുശേഷവും നുഹ് ജില്ലയില്‍ തുടര്‍ച്ചയായ പ്രതിഷേധാഹ്വാനങ്ങളുണ്ടായി. ഹൈവേ ഉപരോധിച്ചതിന് അഞ്ഞൂറിലേറെ ആളുകള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലുള്ള ഘട്മീക ഗ്രാമത്തില്‍നിന്നാണ് നസീര്‍, ജുെനെദ് എന്നിവരെ പശുസംരക്ഷകര്‍ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നത്. കഴിഞ്ഞ 15 നായിരുന്നു സംഭവം. ഹരിയാനയിലെ ഭിവാനിയില്‍ കത്തിക്കരിഞ്ഞ കാറിനുള്ളിലാണ് അടുത്ത ദിവസം ഇവരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഈ കേസില്‍ എട്ടു പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി രാജസ്ഥാന്‍ പോലീസ് അറിയിച്ചു. ബജ്റംഗ്ദള്‍ അംഗമായ മോനു മനേസറിന്റെ പങ്ക് അന്വേഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →