എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി അവൾ യാത്രയായി

🌹🌹🌹🌹🌹🌹🌹

മന്ത്രകോടി അണിയാൻ ആഗ്രഹിച്ചു – പക്ഷേ, വിധി അവളെ മരണകോടിയണിയിച്ചു. വരണമാല്യം അണിയേണ്ട അവൾ മരണമാല്യം അണിഞ്ഞു. മംഗല്യപല്ലക്കിലേറാനിരുന്ന അവൾ മരണമഞ്ചലേറി. എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായി.

ചില മരണങ്ങൾ അങ്ങിനെയാണ് – ഒരിക്കലും വിശ്വസിക്കാനാവാതെ, ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ് ആവർത്തിച്ച് പറഞ്ഞ് കൊണ്ടേയിരിക്കും –
അങ്ങിനെ സനിമാലോകത്ത് നിന്ന് തിരശീലക്ക് പിന്നിലേക്ക് മറഞ്ഞുപോയവരിൽ എനിക്ക് തോന്നിയ രണ്ടു പേരായിരുന്നു കലാഭവൻ മണിയും, ബാലഭാസ്ക്കറും. ഇപ്പോഴിതാ അവരുടെ കൂട്ടത്തിലേക്ക് ഒരാളുടെ പേര് കൂടി ഞാൻ ചേർക്കുന്നു. സുബി സുരേഷ്.

ജീവിതത്തിലെ ഓട്ടപാച്ചിലുകൾക്കിടയിൽ ഒന്നു വിശ്രമിക്കാൻ മാറിയിരിക്കുന്നത് പോലെ, സുബിയും യാത്രയായി. ഇന്നലെ വരെ നമ്മോടൊപ്പം ചിരിച്ച് കളിച്ച് നടന്നിട്ട് ഇന്ന് അവർ ഒരു ഓർമ്മ മാത്രമായിരിക്കുന്നു

നാൽപ്പത്തിയൊന്ന് വർഷം നിന്റെ ജീവിതം ഭൂമിയിലുണ്ട് – അതിനിടക്ക്
ഭൂമിയിൽ ചെയ്ത് തീർക്കാനുള്ളതൊക്കെ നീ ചെയ്ത് തീർക്കണം – അത് കഴിഞ്ഞ് പെട്ടെന്നിങ്ങ് തിരികെ പോന്നോളണം എന്ന് പറഞ്ഞ് ദൈവം ഭൂമിയിലേക്കയച്ചത് പോലെയായി സുബി സുരേഷിന്റെ വിയോഗം. സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും നമുക്കിടയിലൂടെ പാറി പറന്ന സുബി അവസാനം എല്ലാവരേയും കരയിപ്പിച്ച് കൊണ്ട് ചിറകറ്റു വീണു, ചുറ്റുമുള്ളവരെ കരയിച്ച് കൊണ്ടുള്ള ആ തിരിച്ച് പോക്കായിരിക്കാം സുബി ഇവിടെ ബാക്കി വെച്ച് പോയ അവരുടെ കയ്യൊപ്പ്.

വർഷങ്ങൾ അനവധി കൊഴിഞ്ഞു വീണാലും സുബി സുരേഷ് എന്ന കിലുക്കാംപെട്ടി ഓർമ്മകൾക്ക് മരണമില്ലാത്ത കാലത്തോളം എന്നും ഓരോ മനസിലും ജീവിച്ചിരിക്കും. ഭൂമിയിലെ യാത്ര മതിയാക്കി ദൈവ സന്നിധിയിൽ ഒരിടം തേടി പോയ
ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ —
Naseerabacker✍️

Share

About നസീറ ബക്കർ

View all posts by നസീറ ബക്കർ →