കോഴിക്കോട്: റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രണ്ടാമത് ദേശീയ സമ്മേളനം ഇന്ന് കോഴിക്കോട് തുടങ്ങും. നളന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മംഗത് റാം പസ്ല സമ്മേളനം ഉദ്ഘാടനം ചെയ്യും.
എം.സി.പി.ഐ.(യു) ജനറല്‍ സെക്രട്ടറി അശോക് ഓംകാര്‍, സി.പി.ഐ എം.എല്‍. റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി പി.ജെ. ജെയിംസ്, സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ തുടങ്ങിയവര്‍ സംസാരിക്കും. 26 വരെ നാലു ദിവസങ്ങളിലായാണ് സമ്മേളനം. കോവിഡ് സാഹചര്യത്തില്‍ മാറ്റി വെച്ച സമ്മേളനം രണ്ടു വര്‍ഷം വൈകിയാണ് ചേരുന്നത്. പ്രവര്‍ത്തനറിപ്പോര്‍ട്ടും രാഷ്ര്ടീയ പ്രമേയവും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിക്കും. സമകാലീന ഇന്ത്യയില്‍ മാര്‍ക്സിസ്റ്റുകള്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനവും തെരഞ്ഞെടുപ്പുകളിലെ കക്ഷി ബന്ധങ്ങളും വിവിധ ജനവിഭാഗങ്ങളുടെ സമര ഐക്യവും സംബന്ധിച്ച പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാവുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരായ പ്രത്യയ ശാസ്ത്ര – രാഷ്ട്രീയ സമരം നയിക്കുമ്പോഴും കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ സമ്മേളനത്തില്‍ സ്വീകരിച്ച പൊതുസമീപനത്തില്‍ മാറ്റം വേണമോ എന്ന് പരിശോധിക്കും. ബി.ജെ.പി. നയിക്കുന്ന സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അജണ്ടയും ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തുന്ന തീവ്രവര്‍ഗീയ ഇടപെടലുകളും സവിശേഷമായ സാഹചര്യമാണുണ്ടാക്കുന്നതെന്ന് രാഷ്ര്ടീയ പ്രമേയം ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യവും ചര്‍ച്ചയാവും.
സമ്മേളനത്തിന്റെ അനുബന്ധമായി ഏരിയതല സെമിനാറുകള്‍ പൂര്‍ത്തിയായി. രാഷ്ട്രീയ- ചരിത്ര പ്രദര്‍ശനം മുതലക്കുളത്ത് ആരംഭിച്ചു. സമ്മേളനത്തിന്റെ പതാക ആര്.എം.പി.ഐ. സംസ്ഥാന പ്രസിഡണ്ട് ടി.എല്‍. സന്തോഷിന്റെ നേതൃത്വത്തില്‍ ടി.പി. ചന്ദ്രശേഖരന് സ്മൃതിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച് പൊതുസമ്മേളന നഗരിയായ മുതലക്കുളത്ത് സമാപിച്ചു. സമ്മേളന നഗരിയില്‍ സ്വാഗത സംഘം ചെയര്മാന് അഡ്വ. പി. കുമാരന് കുട്ടി പതാക ഉയര്‍ത്തി. നാളെ വൈകുന്നേരം 4 മണിക്ക് ടൗണ്‍ഹാളില്‍ സാംസ്കാരിക ഇടതുപക്ഷത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം ബി. രാജീവന് ഉദ്ഘാടനം ചെയ്യും. പി.എന്‍. ഗോപീകൃഷ്ണന്, യു.കെ. കുമാരന്, പി. സുരേന്ദ്രന്, കെ.സി. ഉമേഷ് ബാബു, ആസാദ്, എന്‍.പി. ചെക്കൂട്ടി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് അമീന ഹമീദും സംഘവും ഗസല്‍ അവതരിപ്പിക്കും. 26ന് വൈകീട്ട് മൂന്നു മണിക്ക് റെഡ്വളണ്ടിയര്‍ മാര്‍ച്ച്, ബഹുജന റാലി, പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും. മുതലക്കുളത്താണ് സമാപന സമ്മേളനം.

