ന്യൂഡല്‍ഹി: മുന്‍നിര സേനാവ്യൂഹത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്ന് ചൈനയോട് ഇന്ത്യ.
നിയന്ത്രണ രേഖയിലെ തര്‍ക്കം സംബന്ധിച്ച് ഇന്നലെ ബെയ്ജിങ്ങില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. മുന്‍നിര സേനാവ്യൂഹത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച ഇന്ത്യയുടെ ആവശ്യത്തോട് ചൈന പ്രതികരിച്ചില്ല. ഉടന്‍ നടപടിയുണ്ടാകുന്നതിന്റെ സൂചനയില്ല. ഇന്ത്യ ചൈന അതിര്‍ത്തികാര്യ പ്രവര്‍ത്തനസംവിധാനത്തിനു (വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോ ഓര്‍ഡിനേഷന്‍-ഡബ്ല്യു.എം.സി.സി) കീഴിലായിരുന്നു ചര്‍ച്ച. 2019 ജൂെലെയില്‍ നടന്ന 14-ാം കൂടിക്കാഴ്ചയ്ക്കു ശേഷം നേരിട്ടുള്ള ആദ്യത്തെ ചര്‍ച്ചയായിരുന്നു ഇത്.
2020 മേയില്‍ ഇരു സൈനിക വിഭാഗവും നിയന്ത്രണരേഖയില്‍ മുഖാമുഖം വന്നതിനു തൊട്ടുപിന്നാലെയാണ് അതിര്‍ത്തികാര്യ പ്രവര്‍ത്ത സംവിധാനം സജീവമായത്. എന്നാല്‍, കോവിഡ് കാരണം അതിനുശേഷം നടന്ന എല്ലാ യോഗങ്ങളും ഓണ്‍ലൈനിലായിരുന്നു. നിലവില്‍ ഇന്ത്യയും ചൈനയും 50,000 സൈനികരെ വീതം ലഡാക്ക് സെക്ടറില്‍ അണിനിരത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ അരുണാചല്‍ പ്രദേശിലെ യാങ്‌സെയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇരുവശത്തുമുള്ള നിരവധി സൈനികര്‍ക്കു പരുക്കേറ്റു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം വീണ്ടും ഉയര്‍ന്നിരുന്നു. നിയന്ത്രണരേഖയുടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത യോഗം പടിഞ്ഞാറന്‍ മേഖലയിലെ അവശേഷിക്കുന്ന ഭാഗങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ പ്രദേശങ്ങളില്‍നിന്നു സേനയെ പിന്‍വലിക്കുന്നത് മേഖലയില്‍ സമാധാനവും പുനഃസ്ഥാപിക്കാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. നിലവിലുള്ള ഉഭയകക്ഷി കരാറുകള്‍ക്കും നിബന്ധനകള്‍ക്കും അനുസൃതമായി ഇതു നടപ്പാക്കാന്‍ മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ അടുത്ത യോഗം നേരത്തെ നടത്താന്‍ ധാരണയായി.
സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ചര്‍ച്ച തുടരാന്‍ ഇരുപക്ഷവും സമ്മതിച്ചതായും പ്രസ്താവനയിലുണ്ട്. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പക്ഷത്തെ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (കിഴക്കന്‍ ഏഷ്യ)യാണു നയിച്ചത്. ചൈനീസ് പ്രതിനിധിസംഘത്തെ അവരുടെ വിദേശകാര്യ മന്ത്രാലയത്തിലെ അതിര്‍ത്തി, സമുദ്രകാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ നയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്ന രണ്ടു ഡസനിലധികം ചര്‍ച്ചകളെത്തുടര്‍ന്ന് പാംഗോങ് തടാകത്തിന്റെ ഇരുകരകളിലുമുള്ള ഗോഗ്ര, ഹോട്ട്‌സ്പ്രിങ്‌സ് മേഖലകളില്‍നിന്ന് ഇന്ത്യയും ചൈനയും മുന്‍നിര സൈനികരെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ദെപ്‌സാങ്, ഡെംചോക്ക് തുടങ്ങിയ സംഘര്‍ഷമേഖലകളുടെ കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും ധാരണയിലെത്താന്‍ കഴിഞ്ഞില്ല.
നിയന്ത്രണരേഖയില്‍ സൈനികരെ വിന്യസിച്ച്ന ചൈയാണ് കരാര്‍ ലംഘിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആരോപിച്ചു. അതിര്‍ത്തിപ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാര, നിക്ഷേപ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു മുന്നേറുമ്പോഴും അതിര്‍ത്തിത്തര്‍ക്കം തങ്ങളുടെ ഇച്ഛയ്‌ക്കൊപ്പം നിലനിര്‍ത്തുന്നതാണ് ചൈനയുടെ രീതി. ഉഭയകക്ഷി ബന്ധം ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലുമാണ്.