സാങ്കേതിക സർവകലാശാല വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സാധ്യത തേടി രാജ്ഭവൻ

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തേക്കുള്ള നിയമനത്തില്‍ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെ ടി യു ചട്ടത്തിന് വിരുദ്ധമാണ് എന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. നിയമ വിദഗ്ധരുമായി ആലോചിച്ച് സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. മുൻ കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയിൽ സർക്കാർ നിയമനത്തിൽ ഇടപെടരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്ഭവൻ അറിയിച്ചു. 

വിസി നിയമനത്തിന് 21/02/23 ചൊവ്വാഴ്ചയാണ് സർക്കാർ  മൂന്ന് അംഗ പാനൽ നൽകിയത്. നിയമനത്തിന് സർക്കാരിന് പാനൽ നൽകാം എന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചായിരുന്നു നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. വൃന്ദ വി നായർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സതീഷ് കുമാർ എന്നിവരുടെ പേര് അടങ്ങിയ പാനൽ ആണ് നൽകിയത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും പാനലിൽ ഗവർണർ തീരുമാനം എടുക്കുക. നേരത്തെ സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിനെ നിയമിച്ചത്. നിയമനം വൈകിച്ചാൽ സർക്കാർ ഗവർണർ പോര് വീണ്ടും കടുക്കാൻ സാധ്യത ഉണ്ട്.

അതേസമയം, കെടിയു താത്കാലിക വിസി നിയമനം സര്‍ക്കാരിന്റെ അവകാശമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഹൈക്കോടതി വിധി സര്‍ക്കാര്‍ നിലപാട് ശരിവെക്കുന്നതാണ്. 23/02/23 വ്യാഴാഴ്ച ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നും സ്നേഹാദരങ്ങളോടെയുള്ള സമീപനമാണ് സര്‍ക്കാരിന് ഗവര്‍ണറോടുള്ളതെന്നും മന്ത്രി പറഞ്ഞു. സർവകലാശാല ബിൽ അടക്കം കൂടിക്കാഴ്ചയിൽ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →