പാരീസ്: ക്ലബ് ഫുട്‌ബോളില്‍ 700 ഗോളുകളെന്ന നേട്ടത്തിലേക്ക് അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസി. ക്ലബ്ബ് ഫുട്‌ബോളില്‍ 700 ഗോളുകളടിക്കുന്ന താരമെന്ന അപൂര്‍വമായ നേട്ടത്തിനരികെയാണ് മെസി. നിലവില്‍ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ താരമായ മെസിയുടെ അക്കൗണ്ടില്‍ 699 ഗോളുകളാണ്.
ലില്ലെയ്‌ക്കെതിരേ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗോളടിച്ചതോടെയാണു മെസി 699 ലെത്തിയത്. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ഫ്രീ കിക്കിലൂടെയാണ് താരം വലകുലുക്കിയത്. 700 ഗോളുകളെന്ന നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരമാകാനുള്ള ശ്രമത്തിലാണു മെസി. പോര്‍ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ആദ്യമായി ഈ നേട്ടം കുറിച്ചത്. ബാഴ്‌സലോണ, പി.എസ്.ജി. ക്ലബുകള്‍ക്ക് വേണ്ടി കളിച്ചാണ് മെസി 699 ഗോളുകളടിച്ചത്.
ലീഗ് വണില്‍ മാഴ്‌സെയാണ് പി.എസ്.ജിയുടെ അടുത്ത എതിരാളി. ബാഴ്‌സലോണയ്ക്കായി 778 കളികളിലായി 672 ഗോളുകളടിച്ചു. 2021 ലാണു പി.എസ്.ജിയിലെത്തിയത്. ഇതുവരെ 61 കളികളിലായി 27 ഗോളുകളടിച്ചു. ആകെ 839 മത്സരങ്ങള്‍ കളിച്ചു. 996 ഗോള്‍ പങ്കാളിത്തവും മെസിയുടെ പേരിലുണ്ട്.
ലിലെയ്‌ക്കെതിരേ മെസി കുറിച്ചതു കരിയറിലെ 61-ാം ഫ്രീകിക്ക് ഗോളാണ്. കരിയറിന്റെ തുടക്കത്തില്‍ ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്തു മുന്നേറുന്നതില്‍ മാത്രമായിരുന്നു മെസി ശ്രദ്ധിച്ചിരുന്നത്. കഠിന പരിശ്രമത്തിലൂടെയാണു ഫ്രീകിക്കിലൂടെ ഗോളടിക്കുന്ന സ്‌പെഷലിസ്റ്റായത്. അര്‍ജന്റീനയുടെ ഇതിഹാസം അന്തരിച്ച ഡീഗോ മാറഡോണ 62 ഗോളുകളാണു ഫ്രീകിക്കിലൂടെ അടിച്ചെടുത്തത്. 1986 ലെ ലോകകപ്പില്‍ മാറഡോണയുടെ മികവ് ലോകം കണ്ടു. ഷോട്ടുകളിലെ അസാധാരണമായ പവറാണു മാറഡോണയുടെ പ്രത്യേകതയായി കളിയെഴുത്തുകാര്‍ വിലയിരുത്തിയത്.
ബ്രസീലിന്റെ മുന്‍ മിഡ്ഫീല്‍ഡര്‍ ആര്‍തര്‍ അന്റൂണസ് കോയിമ്പ്ര എന്ന സീകോയും ഫ്രീകിക്കിന്റെ ആശാനായിരുന്നു. 62 ഗോളുകളാണു സീകോയും ഫ്രീകിക്കിലൂടെ നേടിയത്. സീകോയുടെ വളഞ്ഞു പുളഞ്ഞതെങ്കിലും മിന്നല്‍ വേഗത്തിലെത്തുന്ന ഫ്രീ കിക്ക് ഗോള്‍ കീപ്പര്‍മാരുടെ പേടി സ്വപ്നമായിരുന്നു. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഡേവിഡ് ബെക്കാമാണു മറ്റൊരു ഫ്രീകിക്ക് സ്‌പെഷലിസ്റ്റ്. ഇംഗ്ലണ്ടിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയാല്‍ മാഡ്രിഡ്, എ.സി. മിലാന്‍, പാരീസ് സെയിന്റ് ജെര്‍മെയ്ന്‍ €ബുകള്‍ക്കു വേണ്ടിയും കളിച്ച ബെക്കാം 65 തവണയാണു ഫ്രീകിക്ക് ഗോളാക്കിയത്.
ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകളടിച്ച അര്‍ജന്റീനക്കാരന്‍ മെസിയോ മാറഡോണയോ അല്ല. വിക്ടര്‍ അന്റോണിയോ ലെഗ്‌റോറ്റാഗ്‌ലിയാണ് ഒന്നാമന്‍. 1953 മുതല്‍ 1976 വരെയാണു മധ്യനിരക്കാരനായിരുന്ന ലെഗ്‌റോറ്റാഗ്‌ലി കളിച്ചത്.
ജിംനാസിയ വൈ എസ്ഗ്രിമ ക്ലബിനു വേണ്ടി മാത്രം കളിച്ച അദ്ദേഹം 66 ഗോളുകളാണു ഫ്രീകിക്കിലൂടെ നേടിയത്. ബ്രസീലിന്റെ മുന്‍ താരം റൊണാള്‍ഡീഞ്ഞോയും ഫ്രീകിക്കിന്റെ ആശാനാണ്. അദ്ദേഹം 66 ഗോളുകളാണു ഫ്രീകിക്കിലൂടെ അടിച്ചിട്ടത്. ബ്രസീലിനു വേണ്ടിയും ബാഴ്‌സലോണ, എ.സി.മിലാന്‍, പാരീസ് സെയിന്റ് ജെര്‍മെയ്ന്‍ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ച താരമാണ്. 2005 ലെ ബാലണ്‍ ഡി ഓര്‍ ജേതാവാണു റൊണാള്‍ഡീഞ്ഞോ. അന്തരിച്ച ബ്രസീല്‍ ഇതിഹാസം പെലെയും ഫ്രീകിക്ക് സ്‌പെഷലിസ്റ്റാണ്. ബ്രസീലിന്റെയും സാന്റോസ് ക്ലബിനുമായി കളിച്ച പെലെ 70 ഫ്രീകിക്ക് ഗോളുകളടിച്ചു. 77 ഫ്രീകിക്ക് ഗോളുകളുമായി ബ്രസീലിന്റെ തന്നെ ജൂനിഞ്ഞോ പെര്‍നാബുകാനോയാണ് ഏറ്റവും മുന്നില്‍. ഫ്രീകിക്ക് എടുക്കാന്‍ പലതരം ശൈലികള്‍ സൃഷ്ടിക്കാന്‍ താരത്തിനായി.

