ഗ്വാബെറ (ദക്ഷിണാഫ്രിക്ക): അയര്‍ലന്‍ഡിനെ അഞ്ച് റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.
ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 155 റണ്ണെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ അയര്‍ലന്‍ഡ് 8.2 ഓവറില്‍ രണ്ടിന് 54 റണ്ണെന്ന നില്‍ക്കേ മഴയെത്തി. കനത്ത മഴ തുടര്‍ന്നതോടെ ഡക്ക്‌വര്‍ത്ത്/ലൂയിസ് മഴ നിയമപ്രകാരം ഇന്ത്യയെ ജേതാക്കളായി പ്രഖ്യാപിച്ചു. അയര്‍ലന്‍ഡ് മഴ നിയമപ്രകാരം അഞ്ച് റണ്‍ പിന്നിലായിരുന്നു. ഗാബി ലെവിസ് (25 പന്തില്‍ അഞ്ച് ഫോറുകളടക്കം 32), നായിക ലോറ ഡെലാനി (20 പന്തില്‍ 17) എന്നിവരായിരുന്നു ക്രീസില്‍. ആമി ഹണ്ടര്‍ (ഒന്ന്), ഒര്‍ല പ്രെഡര്‍ഗാസ്റ്റ് (0) എന്നിവര്‍ പുറത്തായി. മൂന്ന് കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ ഇംഗ്ലണ്ട് ഒന്നാമതും നാല് കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ ഇന്ത്യ രണ്ടാമതുമാണ്. ഇംഗ്ലണ്ടിനോട് തോറ്റതോടെ ഇന്ത്യക്ക് സെമി ഉറപ്പാക്കാന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിക്കണമായിരുന്നു. പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് ടീമുകളെ തോല്‍പ്പിച്ച ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിനോടു തോറ്റത്. നാല് കളികളില്‍നിന്ന് നാല് പോയിന്റ് നേടിയ വിന്‍ഡീസ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
മൂന്ന് കളികളില്‍നിന്നു രണ്ട് പോയിന്റ് മാത്രം നേടിയ പാകിസ്താനും സെമി കാണില്ല.
ഇന്നു നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് പാകിസ്താനെ നേരിടും. നാലു മത്സരങ്ങളും തോറ്റ അയര്‍ലന്‍ഡ് അക്കൗണ്ട് തുറക്കാതെയാണു മടങ്ങുന്നത്.
ടോസ് നേടിയ ഇന്ത്യന്‍ നായിക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ച്ചയായി അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് (56 പന്തില്‍ മൂന്ന് സിക്‌സറും ഒന്‍പത് ഫോറുമടക്കം 87) ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതിയും ഷഫാലി വര്‍മയും (29 പന്തില്‍ 24) ചേര്‍ന്ന് 62 റണ്‍ നേടി. ലോറ ഡെലാനി ഷഫാലിയെ പുറത്താക്കി. നായിക ഹര്‍മ്മന്‍പ്രീത് കൗറിനെയും (20 പന്തില്‍ 13) വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിനെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഡെലാനി ഇന്ത്യയെ കൂടുതല്‍ കുഴപ്പത്തിലാക്കി. ബാറ്റിങ് മികവ് തുടര്‍ന്ന സ്മൃതി ഇന്ത്യയെ മുന്നോട്ട് നയിച്ചു. താരം 19ാം ഓവറിലാണു പുറത്തായത്. ട്വന്റി20 കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമായാണ് സ്മൃതി ക്രീസ് വിട്ടത്.
ജെമീമ റോഡ്രിഗസ് 12 പന്തില്‍ 19 റണ്‍ നേടി. അവസാന പന്തിലാണു ജെമീമ പുറത്തായത്. അയര്‍ലന്‍ഡിനു വേണ്ടി ലോറ ഡിലായി മൂന്ന് വിക്കറ്റും ഓര്‍ല രണ്ട് വിക്കറ്റും അര്‍ലെന കെലി ഒരു വിക്കറ്റുമെടുത്തു. ഹര്‍മന്‍പ്രീത് രാജ്യാന്തര ട്വന്റി20 യില്‍ 3000 റണ്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി. മത്സരം ആരംഭിക്കുമ്പോള്‍ കൗര്‍ ഈ നേട്ടത്തിന് ഏഴ് റണ്‍ മാത്രം അകലെയായിരുന്നു. ഈ നേട്ടത്തോടെ കൗര്‍ എലൈറ്റ് ഗ്രൂപ്പിലെത്തി. സുസി ബേറ്റ്‌സ്, മെഗ് ലാനിങ് എന്നിവര്‍ക്കു ശേഷം വനിതാ ട്വന്റി20 യില്‍ 3000 റണ്‍ തികയ്ക്കുന്ന മൂന്നാമത്തെ വനിതാ ബാറ്ററായി.
ഞായറാഴ്ച വൈകിട്ട് നടന്ന ഗ്രൂപ്പ് 1 മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ 102 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റിന് 162 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ലങ്ക 15.5 ഓവറില്‍ 60 റണ്ണിന് ഓള്‍ഔട്ടായി. നാല് കളികളില്‍നിന്ന് എട്ട് പോയിന്റ് നേടിയ ഓസ്‌ട്രേലിയയും നാല് പോയിന്റ് നേടിയ ന്യൂസിലന്‍ഡും സെമിയില്‍ കടന്നു. ലങ്കയ്ക്കും നാല് പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ പിന്നിലായി.