ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് 10,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി. തനിക്കെതിരായ കേസില്‍ മാര്‍ച്ച് 31-നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ഹര്‍ജി നിസാരമാണെന്നും കോടതിയുടെ സമയം മെനക്കെടുത്തിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കേസിന്റെ വേഗത്തിലുള്ള തീര്‍പ്പിനായി ഭട്ടിന് വിചാരണക്കോടതിയുമായി സഹകരിക്കാമായിരുന്നുവെന്നും വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കുന്നത് വിചാരണക്കോടതിയുടെ തീരുമാനമാണെന്നും ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അതിനാല്‍, ഹര്‍ജി നിരര്‍ഥകമാണെന്നും ചെലവുകള്‍ ചുമത്തുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
22 വര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മാര്‍ച്ച് 31-നകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ഈ കേസില്‍ അറസ്റ്റിലായ സഞ്ജീവ് ഭട്ട് ജയിലിലാണ്. കേസിലെ 60 സാക്ഷികളില്‍ 16 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചതെന്ന് ഭട്ടിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയെ അറിയിച്ചു. മാര്‍ച്ച് 31-നകം വിചാരണ പൂര്‍ത്തിയാക്കണമെങ്കില്‍, പ്രതിഭാഗത്തിന് വാദങ്ങള്‍ അവതരിപ്പിക്കാന്‍ സമയം കിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. അതിനാല്‍, കേസില്‍ വിചാരണ നീട്ടുന്നതിനായി ജഡ്ജിയെ അനുവദിച്ച് ഉത്തരവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ ഭട്ടിനെ നിയമവിരുദ്ധ അവധിയുടെ പേരില്‍ 2015-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ നരേന്ദ്ര മോദി സര്‍ക്കാരിനു പങ്കുണ്ടെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ ഭട്ട് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.