കശാപ്പിന് കൊടുക്കുന്ന മച്ചി പശുവിന് തുല്യമായി വീട്ടമ്മയെ നിർവചിച്ച കെഎസ്ആർടിസിക്ക് തിരിച്ചടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മനുഷ്യപ്പറ്റുള്ള വിധി ചരിത്രമാകുന്നു

കുടുംബത്തിലെ സമ്പാദിക്കുന്ന അംഗങ്ങളെ അപേക്ഷിച്ച് വീട്ടമ്മമാര്‍ ഉയര്‍ന്ന പദവി അലങ്കരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലുണ്ടായിരിക്കുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്ന്. സാക്ഷര കേരളത്തിന്റെ സാമുഹിക ബോധ നിലവാരത്തിന് കിട്ടിയ അടി കൂടായാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.

യാതൊരു സാമ്പത്തിക മൂല്യവും ഇല്ലാത്ത ഒരാളായി വീട്ടമ്മയെ നിർവചിച്ചുകൊണ്ട് പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി ഹൈക്കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലം ഇപ്പോൾ ചർച്ചയാവുകയാണ്. സ്ത്രീത്വത്തെയും കുടുംബമൂല്യങ്ങളെയും ഇത്ര ഇകഴ്ത്തിക്കൊണ്ട് വാദം ഉന്നയിക്കുവാൻ സർക്കാർ ഏജൻസി തയ്യാറായത് ഞെട്ടലായിരിക്കുകയാണ്. ബ്ലേഡ് കമ്പനിക്കാർ പോലും പ്രദർശിപ്പിക്കാത്ത മനുഷ്യപ്പറ്റില്ലായ്മയാണ് ഒരു നഷ്ടപരിഹാര കേസിൽ കെഎസ്ആർടിസി ഉന്നയിച്ചത്. ഇത് തള്ളിക്കളഞ്ഞു കൊണ്ടും വീട്ടമ്മയുടെ പദവി ഉന്നതമാണെന്ന് നിർവചിച്ചുകൊണ്ടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയ വിധി പ്രസ്താവം ചരിത്രമാകുന്നു.

വിധിയ്ക്ക് കാരണമായ സംഭവം

2006 ആഗസ്റ്റ് 24നുണ്ടായ അപകടത്തെത്തുടര്‍ന്ന് കിടപ്പിലാണ് ഹര്‍ജിക്കാരിയായ പാലക്കാട് സ്വദേശി കാളുക്കുട്ടി. 61 വയസുള്ള ഹര്‍ജിക്കാരി ഡ്രൈവര്‍ അലക്ഷ്യമായി ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. അന്ന് കേസ് വന്നപ്പോള്‍ 40,214 രൂപ നഷ്ടപരിഹാരത്തുകയായി ഇരിങ്ങാലക്കുട വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ചിരുന്നു, എന്നാല്‍ എന്നാല്‍, ചികിത്സയ്ക്ക് വലിയ ഈ തുക ചെലവായെന്നും നഷ്ടപരിഹാരം കൂട്ടണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരി ഹൈക്കോടതിയില്‍ എത്തുകയായിരുന്നു. വാദപ്രതിവാദത്തിനിടെ എതിര്‍കക്ഷിയായ കെ.എസ്.ആര്‍.ടി.സി, പ്രത്യേകിച്ച് വരുമാനമില്ലാത്ത, വീട്ടമ്മ മാത്രമായ ഹര്‍ജിക്കാരിക്ക് കുറഞ്ഞതുക മതിയെന്നും ഗുരുതര നഷ്ടമുണ്ടായെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വാദമുയര്‍ത്തി. ഈ വാദമാണ് കോടതിയുടെ ചരിത്രപരമായ നിരീക്ഷണത്തിന് കാരണമായത്.

വീട്ടമ്മ രാഷ്ട്രനിര്‍മാണ പങ്കാളിയെന്ന് കോടതി

ഒരു സ്ത്രീ അമ്മ, ഭാര്യ എന്നീ നിലകളില്‍ ചെയ്യുന്ന കടമകള്‍ മറ്റുജോലികളോട് തുലനം ചെയ്യാന്‍ കഴിയില്ല. അവര്‍ തന്റെ സമയം കുടുംബത്തിനായി നീക്കിവച്ച് അടുത്ത തലമുറയെ ഉയര്‍ന്ന കാര്യശേഷിയോടെ വളര്‍ത്തിയെടുക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇതും രാഷ്ട്രനിര്‍മ്മാണം തന്നെയാണ്. ഈ പ്രയത്‌നങ്ങള്‍ സാമ്പത്തിക മൂല്യമില്ലെന്ന പേരില്‍ തള്ളിക്കളയാനാവില്ല. മനുഷ്യജീവനെ സാമ്പത്തികമൂല്യം കൊണ്ടല്ല അളക്കേണ്ടത്. മറിച്ച് അവരുടെ നിസ്വാര്‍ത്ഥമായ സേവനവും സംഭാവനയും അടിസ്ഥാനമാക്കിയാണ്. വെറും വീട്ടമ്മയെന്ന വാദം അരോചകവും അനീതിയുമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതാണ് ശ്രദ്ധേയമായ വിധി. നഷ്ടപരിഹാരത്തുക 40,214 രൂപയില്‍ നിന്ന് 1.64 ലക്ഷമായാണ് ഉയര്‍ത്തിയത്. 7.5 ശതമാനം വാര്‍ഷിക പലിശസഹിതം നല്‍കുകയും വേണം.

അഭ്യസ്ഥ കേരളത്തിന് കിട്ടിയ അടി

പണ്ടുകാലം മുതല്‍ വീട് പരിപാലിക്കേണ്ട ചുമതല സ്ത്രീക്കും ഉപജീവനമാര്‍ഗം കണ്ടത്തേണ്ടത് പുരുഷനുമാണെന്നത് ചാര്‍ത്തിക്കൊടുക്കപ്പെട്ട ചുമതലകള്‍ ആണ്. കുടുംബത്തെ നിയന്ത്രിക്കുക, മക്കളെ പരിപാലിക്കുക, പഠിപ്പിക്കുക, ഭക്ഷണം പാചകം ചെയ്യുക, സാധനങ്ങള്‍ വാങ്ങുക വീട് വൃത്തിയാക്കുക, കൃഷി ചെയ്യുക തുടങ്ങിയ എല്ലാ ജോലികളും വീട്ടമ്മമാരാണ് കാലാകാലങ്ങളായി ചെയ്തുവരുന്നത്. ഒരു വീട്ടമ്മയുടെ ജോലികള്‍ ആര്‍ക്കും അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുന്ന ഒന്നല്ല. ശമ്പളം ലഭിക്കാതിരിക്കുമ്പോഴും ശാരീരികമായും മാനസികമായും അവര്‍ ഏറെ അധ്വാനിക്കുന്നു. ശമ്പളം പറ്റാതെയുള്ള ഗാര്‍ഹിക ജോലി സാമ്പത്തിക രംഗത്തെ വളരെ പ്രധാനപ്പെട്ട ഒരു വശമാണ് എന്നത് ഇന്ന് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. എന്നിട്ടും ഇത്തരം ജോലി പൊതുവെ സാമ്പത്തിക വിശകലനത്തില്‍ നിന്നും അവഗണിക്കപ്പെടുന്നു. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളാണ് ശമ്പളം ലഭിക്കാതെ ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെടുന്നത്. ഗാര്‍ഹിക ജോലിയിലെ ഈ അസമത്വം സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനവും അവരുടെ ശാക്തീകരണത്തിനും സാമ്പത്തിക പുരോഗതിക്കും ഗുരുതരമായ തടസ്സം സൃഷ്ടിക്കുന്നതുമാണെന്ന് യു.എന്‍. അംഗീകരിച്ചിട്ടുള്ളതാണ്. 142 രാജ്യങ്ങളില്‍ നടത്തിയ 2014 ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡെക്‌സ് അനുസരിച്ച്, പ്രതിദിനം ശരാശരി മിനിട്ടില്‍ ശമ്പളം ലഭിക്കാത്ത ജോലികള്‍ക്കായി സ്ത്രീകളും പുരുഷന്മാരും ചെലവഴിച്ച സമയത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യത്യാസം (300 മിനിറ്റുകള്‍) ഇന്ത്യയിലാണ്.

സുപ്രിംകോടതിയില്‍ നിന്നുണ്ടായ സമാന വിധി

സ്വന്തം വീട്ടില്‍ ഗൃഹനാഥ ചെയ്യുന്ന ജോലി, ഭര്‍ത്താവ് ഓഫിസില്‍ ചെയ്യുന്ന ജോലിയെക്കാള്‍ താഴെയല്ലെന്നും തുല്യമാണെന്നാണ് 2021ല്‍ ഒരു കേസില്‍ സുപ്രീംകോടതി മടത്തിയപരാമര്‍ശം. 2014ല്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമര്‍ശം.മ റ്റുള്ളവരുടെ ക്ഷേമത്തിനായി അവര്‍ നല്‍കുന്ന സംഭാവന അളക്കാനാവാത്തതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മോട്ടോര്‍ അപകട കേസുകളില്‍ പരിക്കേറ്റ വീട്ടമ്മമാര്‍ക്ക് കുടുംബപദവി, ഭര്‍ത്താവിന്റെ വരുമാനം, മറ്റ് ഘടകങ്ങള്‍ എന്നിവ പരിഗണിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി പറഞ്ഞു.

കേസിനാസ്പദമായ സംഭവം

2021 ഏപ്രിലിലാണ് വാഹനാപകടത്തില്‍ പൂനം-വിനോദ് ദമ്പതികള്‍ മരിക്കുന്നത്. മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിം ട്രിബ്യൂണല്‍ ദമ്പതികളുടെ മക്കള്‍ക്ക് 40.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലിന്മേല്‍ ഡല്‍ഹി ഹൈക്കോടതി ഇത് 22 ലക്ഷം രൂപയായി കുറച്ചിരുന്നു. വാഹനാപകടത്തില്‍ മരിച്ച പൂനം വീട്ടമ്മയായതിനാല്‍ ഇവരുടെ വരുമാനം കുറച്ചുകാണിച്ചാണ് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ച സുപ്രീംകോടതി നഷ്ടപരിഹാരത്തുക 33.2 ലക്ഷമായി ഉയര്‍ത്തി. മൂന്നംഗബെഞ്ച് ഐക്യകണ്‌ഠേനയാണ് തീരുമാനം കൈക്കൊണ്ടത്.

മദ്രാസ് കോടതിയുടെ വിധി

2017 ല്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അമിത വേഗതയിലായിരുന്ന സ്വകാര്യ ബസ് സേലം സ്വദേശി ഭുവനേശ്വരിയെ ഇടിച്ചു തെറിപ്പിച്ചത്. അതിനെ തുടര്‍ന്ന് നാവ് നഷ്ടപ്പെടുകയും വാരിയെല്ലിനും സുഷുമ്നാ നാഡിക്കും പരിക്കേല്‍ക്കുകയും ചെയ്തു. അപകടസമയത്ത് ഇരയ്ക്ക് 39 വയസ്സായിരുന്നു, ഇപ്പോള്‍ അവര്‍ക്ക് പിന്തുണയില്ലാതെ നടക്കാനോ കൂടുതല്‍ മണിക്കൂര്‍ ഇരിക്കാനോ കഴിയില്ല. അവള്‍ ഒരു വീട്ടമ്മയായതിനാല്‍, നഷ്ടപരിഹാര തുകയില്‍ എത്താന്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ അവളുടെ സാങ്കല്‍പ്പിക വരുമാനം പ്രതിമാസം 4,500 രൂപയായി നിശ്ചയിച്ചു.എന്നാല്‍ ട്രിബ്യൂണലിന്റെ അത്തരമൊരു സമീപനത്തില്‍ അതൃപ്തിയുള്ള അവര്‍ നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വീട്ടമ്മ ഭുവനേശ്വരിയ്ക്ക് മോട്ടോര്‍ അപകട നഷ്ടപരിഹാരം തുക 14.07 ലക്ഷമായി ഉയര്‍ത്തി. ഒരു വീട്ടമ്മ മരിക്കുമ്പോഴോ സ്ഥിരമായി അപ്രാപ്തമാകുമ്പോഴോ, കുടുംബത്തില്‍ ഉണ്ടാകുന്ന ആഘാതം സമ്പാദിക്കുന്ന ഒരു അംഗത്തിന്റെ മരണത്തേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നും അതിനാല്‍ അവര്‍ ഒരു കുടുംബത്തിലെ വരുമാനം നേടുന്ന അംഗത്തേക്കാള്‍ ഉയര്‍ന്ന പീഠത്തിലാണ് നില്‍ക്കുന്നതെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →