യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: മൂന്നുമാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. അട്ടക്കുളങ്ങര ടി.സി. 39/2211 ശ്രീവള്ളിയിൽ ദേവിക(24) തൂങ്ങി മരിച്ച സംഭവത്തിൽ ആണ് ഭർത്താവ് ഗോപീകൃഷ്ണൻ (31) പിടിയിലായത്. കൊടിയ പീഡനം ആണ് പെൺകുട്ടി ഭർതൃവീട്ടിൽ നേരിട്ടിരുന്നതെന്നും ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിയുടെ ഒരു ചെവിയുടെ കേൾവി കുറഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. സ്ത്രീധന പീഡന നിയമപ്രകാരം ഉൾപ്പടെ കേസ് എടുത്ത ഫോർട്ട് പൊലീസ് ഗോപീകൃഷ്ണൻറെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

ഒരാഴ്ച മുൻപ് ഗോപീകൃഷ്ണൻ ദേവികയെ മുഖത്ത് അടിക്കുകയും തുടർന്ന് ദേവികയുടെ ഒരു ചെവിയുടെ കേൾവി 40 ശതമാനം ആയി കുറഞ്ഞതായും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദേവിക ഗർഭിണി ആയിരുന്നതിനാൽ ഇതിനുള്ള മരുന്നുകൾ കഴിക്കാനും കഴിഞ്ഞിരുന്നില്ല. വിവാഹ ശേഷം ഗോപീകൃഷ്ണൻ ദേവികയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു എന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേവികയെ കിടപ്പ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ഷാജി ഫോർട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഗോപീകൃഷ്ണൻറേയും ദേവികയുടെ വിവാഹം 2021 സെപ്റ്റംബർ 16 നാണ് നടന്നത്. മരിക്കുമ്പോൾ ദേവിക മൂന്നുമാസം ഗർഭിണിയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് സി.ഐ. രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഭർത്താവിന്റെ പങ്ക് മനസ്സിലാക്കി അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →