പമ്പാ നദിയില്‍ കഴിഞ്ഞദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി: മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു മടങ്ങും വഴി പമ്പയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെട്ടികുളങ്ങര കണ്ണമംഗലം തോണ്ടപ്പുറത്ത് രാജന്റെ മകന്‍ എബിന്റെ(24) മൃതദേഹമാണു കുളിക്കാനിറങ്ങിയ കടവില്‍നിന്നും അധികം അകലെയല്ലാതെ ഞായറാഴ്ച രാവിലെ ഫയര്‍ ഫോഴ്‌സ് പ്രത്യേക സ്‌കൂബ സംഘം കണ്ടെടുത്തത്.
ചെട്ടികുളങ്ങര കണ്ണമംഗലം പേള മെറിന്‍ വില്ലയില്‍ മെറിന്‍(18), സഹോദരന്‍ മെഫിന്‍(15) എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച വൈകിട്ട് തന്നെ കണ്ടെത്തിയിരുന്നു. മാരാമണിനും ആറന്മുളയ്ക്കും മധ്യേ നിക്ഷേപമാലിക്കും പരപ്പുഴ കടവിനും സമീപമാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. കോഴഞ്ചേരി ആറന്മുള ആറ്റുതീര റോഡില്‍ മരുതൂര്‍ കടവിലാണ് ഇവര്‍ ഇറങ്ങിയത്. ഇവിടെ അധികം ഒഴുക്ക് കാണാത്തതിനാല്‍ നീന്തിയും കളിച്ചും താഴേക്ക് പോകുകയായിരുന്നു.
ഇതിനിടയിലാണു മെറിന്‍ കയത്തില്‍ അകപ്പെട്ടത്. സഹോദരനെ രക്ഷിക്കാന്‍ പിന്നാലെ പോയ മെഫിനും എബിനും കയത്തില്‍ അകപ്പെട്ടു. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ക്ക് ഡിവൈ.എസ്.പി എസ്.നന്ദകുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →