പത്തൊന്‍പതുകാരനെ 13 തവണ വെട്ടി; പിതാവിനായി തെരച്ചില്‍

തളിപ്പറമ്പ്: പിതാവിന്റെ വെട്ടേറ്റു മകന്‍ ഗുരുതരാവസ്ഥയില്‍. പരിയാരം കോരന്‍പീടിക മുത്തപ്പന്‍മടപ്പുരക്ക് സമീപത്തെ ഷിയാസിനാണ് (19) വെട്ടേറ്റത്. പിതാവ് അബ്ദുള്‍നാസര്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിനെ വെട്ടിയത്. കാലിലും കൈക്കുമായി 13 വെട്ടേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചുനാളായി ഉപ്പയും മകനും തമ്മില്‍ നടക്കുന്ന കുടുംബവഴക്കിന്റെ ഭാഗമാണു സംഭവമെന്നാണു പോലീസ് പറയുന്നത്. മകനെ വെട്ടിയശേഷം സ്ഥലംവിട്ട ഉപ്പ അബ്ദുല്‍നാസറിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാത്രി ഉമ്മ തിരുവട്ടൂര്‍ മഖാം ഉറൂസിനു പോയിരുന്നതിനാലാണ്, സ്ഥിരമായി പുളിയൂലിലെ ഉമ്മാമ്മയുടെ വീട്ടില്‍ താമസിക്കുന്ന ഷിയാസ് കോരന്‍പീടികയിലെ വീട്ടില്‍ താമസിച്ചത്. നാലരയോടെ വൈദ്യുതി പോയപ്പോള്‍ എന്തോ ശബ്ദം കേട്ടു പുറത്തിറങ്ങിയ ഷിയാസിനെ അബ്ദുള്‍നാസര്‍ വെട്ടുകയായിരുന്നു. പതിമൂന്നോളം വെട്ടേറ്റ ഷിയാസിന്റെ നില ഗുരുതരമാണ്. കൈക്കും കാലുകള്‍ക്കുമാണു വെട്ടേറ്റത്. സംഭവം നടന്ന മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുകയാണ്. സംഭവം പോലീസില്‍ അറിയിച്ചെങ്കിലും പരിയാരം പോലീസ് മണിക്കൂറുകള്‍ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ഗ്രാമപഞ്ചായത്തംഗം അബ്ദുള്‍ഷുക്കൂര്‍ ആരോപിച്ചു. പൂമംഗലം മഴൂര്‍ സ്വദേശിയാണ് അബ്ദുള്‍നാസര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →