അഴീക്കൽ തീരമേഖലയിൽ പുനർനിർമ്മിച്ച കടൽഭിത്തികൾ ഉദ്ഘാടനം ചെയ്തു
കേരളത്തിൽ ശക്തമായ തിരമാലകൾ അടിക്കുന്ന തീരദേശത്തിന്റെ സംരക്ഷണത്തിനായി 5400 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കു കൂട്ടുന്നതെന്നും ഇതിൽ 1500 കോടി രൂപ കിഫ്ബി പ്രൊജക്ടിൽപെടുത്തി അനുവദിച്ചതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അഴീക്കോട് നിയോജക മണ്ഡലത്തിലെ അഴീക്കൽ തീരമേഖലയിൽ പുനർനിർമ്മിച്ച കടൽഭിത്തികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശത്ത് ജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് കടലിൽനിന്ന് വെള്ളം കയറുകയും ജീവിത സാഹചര്യങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്. അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള അക്ഷീണമായ പരിശ്രമം സബയബന്ധിതമായി അഴീക്കലിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വളപട്ടണം പുഴ വന്നുചേരുന്ന അഴിമുഖം മുതൽ പഴയ ബോട്ടുജെട്ടി വരെയുള്ള 410 മീറ്റർ നീളത്തിൽ അടിയന്തിര കടൽഭിത്തിയുടെ നിർമ്മാണത്തിനും, റിട്ടേൺ സീവാളിന്റെ ഉയരം കൂട്ടുന്നതിനുമായി 1.12 കോടിയുടെ അഞ്ച് പദ്ധതികളാണ് പൂർത്തീകരിക്കപ്പെട്ടത്.
കേരളത്തിൽ തീരത്ത് കടലാക്രമണ ഭീഷണിയുളള പത്തിലേറെ ഹോട്ട് സ്‌പോട്ടുകൾ ഉണ്ടെന്നാണ് കണാക്കാക്കുന്നത്. നാഷനൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ച് മൂന്ന് ഹോട്ട് സ്‌പോട്ടുകളുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. താമസിയാതെ അവയുടെ പ്രവൃത്തികൾ ആരംഭിക്കും. തീരദേശമേഖലയുടെ സംരക്ഷണം സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതാണ്. എറണാകുളം ചെല്ലാനത്ത് ടെട്രാപോഡുകൾ ഉപയോഗിച്ച് സംരക്ഷിത കടൽഭിത്തികളുടെ നിർമ്മാണം 80 ശതമാനത്തോളം പൂർത്തീകരിച്ചു. ഇതോടെ ചെല്ലാനത്തെ നിലവിളികൾ സന്തോഷത്തിനും പൊട്ടിച്ചിരികൾക്കും വഴിമാറിയതായി മന്ത്രി പറഞ്ഞു. രണ്ടര ടൺ-മൂന്നര ടൺ വീതം ഭാരമുളള ടെട്രാപോഡുകൾ കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ സ്ഥാപിച്ചതോടെ തിര അടിച്ച് ശാന്തമായി കടലിലേക്ക് പോവുകയാണ്-മന്ത്രി പറഞ്ഞു.
വർഷങ്ങളായി രൂക്ഷമായ കടലാക്രമണത്തിന് വിധേയമായിരുന്ന അഴീക്കൽ ഹാർബറിനോട് ചേർന്ന അഴീക്കലിൽ സംസ്ഥാന സർക്കാർ 2020-21 വർഷത്തിൽ നോൺ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപയുടെയും 2021-22 വർഷത്തിൽ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപയുടെയും 2022-23 വർഷത്തിൽ നോൺ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയുടെയും ഉൾപ്പെെട അഞ്ച് പദ്ധതികളാണ് നടപ്പാക്കിയത്. തലശ്ശേരി മേജർ ഇറിഗേഷൻ ഓഫീസ് മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കിയത്.
കാലാകാലങ്ങളായി കടലേറ്റത്തിലും വെള്ളപ്പൊക്കത്തിലും ഉയർന്ന തിരമാലകൾ അടിച്ച് തകർന്ന ഹാർബർ റോഡിലൂടെയുള്ള ഗതാഗത പ്രശ്‌നത്തിനും റോഡിനോട് ചേർന്നുള്ള വീടുകളും സ്ഥാപനങ്ങളും നേരിട്ട ഭീഷണിക്ക് ഇതോടെ ശാശ്വതപരിഹാരമാവുകയാണ്. തകർന്ന പഴയ കടൽഭിത്തി പൊളിച്ചുമാറ്റി വലിയ കല്ലുകൾ ഇട്ട് ഉറപ്പിച്ച ശേഷം പുതിയ കരിങ്കൽ ഭിത്തി ഉയരം കൂട്ടി നിർമ്മിച്ച് ബലപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ജലസേചനവും ഭരണവും തിരുവനന്തപുരം ചീഫ് എൻജിനീയർ ആർ പ്രിയേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. ടി. സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ അജീഷ്, സ്ഥിരം സമിതി ചെയർപേഴ്‌സൻ കെ ഗിരീഷ് കുമാർ, മെമ്പർമാരായ ടി കെ ഷബീന, സി വി വിജയശ്രീ, ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ബാലകൃഷ്ണൻ മണ്ണാരക്കൽ, രാഷ്ട്രീയ കക്ഷിനേതാക്കളായ ജോയ് കൊന്നക്കൽ എ സുരേന്ദ്രൻ, ടി കെ അജിത്ത്, കെ വി അഷ്‌റഫ്, കെഎം സ്വപ്‌ന, എക്‌സിക്യുട്ടീവ് എൻജിനീയർ എം സി സജീവ് കുമാർ എന്നിവർ സംസാരിച്ചു.