ബംഗളൂരു: കര്‍ണാടക ബി.ജെ.പിയിലെ പ്രമുഖ ലിംഗായത്ത് നേതാവ് എച്ച്.ഡി. തിമ്മയ്യ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ മൂന്നുമാസം മാത്രം ശേഷിക്കെയുള്ള രാജി സംസ്ഥാനത്ത് ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയുടെ വിശ്വസ്തനായിരുന്ന തിമ്മയ്യ കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായാണ് ബി.ജെ.പിയുടെ പ്രാഥമിക അംഗത്വം രാജിവച്ചതെന്നാണു വിവരം. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ രാജിക്കു തൊട്ടുപിന്നാലെ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസില്‍ ചേരാനാഗ്രഹിക്കുന്ന നിരവധി ബി.ജെ.പി. നേതാക്കള്‍ ഇനിയുമുണ്ടെന്നും അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
സ്ഥാനമോഹികളായ പല നേതാക്കളും ബി.ജെ.പി. നേതൃത്വത്തിനു തലവേദനയായിരിക്കുന്ന കര്‍ണാടകയില്‍ രാഷ്ട്രീയസാഹചര്യങ്ങള്‍ക്കു വഴിത്തിരിവുണ്ടാക്കുന്നതായിരിക്കുമോ തമ്മയ്യയുടെ രാജി എന്നതാണു ശ്രദ്ധേയം. ബി.ജെ.പിയുടെ ചിക്കമംഗളൂരു നിയോജക മണ്ഡലം ജില്ലാ കണ്‍വീനറായിരുന്ന അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ചോദിച്ചിരുന്നു. എന്നാല്‍, പ്രതീക്ഷയ്ക്കു വകയില്ലാതെയാണ് രാജിവയ്ക്കാന്‍ തുനിഞ്ഞതെന്നെന്നാണു സൂചന. 17 വര്‍ഷത്തിലധികം ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ച തമ്മയ്യ പാര്‍ട്ടിയുടെ പല പദവികളും വഹിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. മേയില്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ചിക്കമംഗളൂരു നിയോജകമണ്ഡലമാണ് അദ്ദേഹം നോട്ടമിട്ടിരുന്നത്. 2007 മുതല്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ച് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയെങ്കിലും നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതായി തമ്മയ്യ രാജിക്കത്തില്‍ പറഞ്ഞു. അതുകൊണ്ട് ജില്ലാ യൂണിറ്റ് കണ്‍വീനര്‍ സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതായാണു വിശദീകരണം.
17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ തന്നെ സഹായിച്ച ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഒരു ഹോട്ടലില്‍ അദ്ദേഹം വിളിച്ചുചേര്‍ത്ത രഹസ്യയോഗത്തില്‍ അഞ്ഞൂറിലധികം ബി.ജെ.പി. പ്രവര്‍ത്തകര്‍ പങ്കെടുത്തതായി പറയപ്പെടുന്നു. താമസിയാതെ അവരും കോണ്‍ഗ്രസില്‍ ചേരുമെന്നാണു സൂചനകള്‍. യാതൊരു പ്രതീക്ഷയും വച്ചുപുലര്‍ത്താതെ തമ്മയ്യ കോണ്‍ഗ്രസിലേക്കു വരികയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. 16-17 ശതമാനം വോട്ടര്‍മാരുള്ള ലിംഗായത്ത് ജനസംഖ്യയുടെ പിന്തുണ നേടാന്‍ ശക്തമായ പ്രചാരണമാണ് കര്‍ണാടകയില്‍ ഓരോ തവണയും ബി.ജെ.പി. നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ എച്ച്.ഡി. തമ്മയ്യയുടെ രാജി രാഷ്ടീയസാഹചര്യങ്ങളെ എത്രത്തോളം ഇളക്കിമറിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.