തിരുവണ്ണാമല : തമിഴ്‌നാട് തിരുവണ്ണാമലയിൽ എടിഎമ്മുകളിൽ നിന്നും 75 ലക്ഷം രൂപ കവർന്ന കേസിലെ രണ്ട് പ്രതികളെ പൊലിസ് പിടികൂടി. ഹരിയാന സ്വദേശികളായ മുഹമ്മദ് ആരിഫ്, ആസാദ് എന്നിവരെയാണ് പിടികൂടിയത്. അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്. തിരുവണ്ണാമലയിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. മോഷണ സംഘത്തിലെ മുഖ്യപ്രതികളാണ് ഇവരെന്ന് പൊലിസ് പറഞ്ഞു.
2023 ഫെബ്രുവരിമാസം 12നാണ് തിരുവണ്ണാമല നഗരത്തിലെ, മൂന്ന് എസ്ബിഐ എടിഎമ്മുകളും ഒരു വൺ ഇന്ത്യ എടിഎമ്മും കൊള്ളയടിക്കപ്പെട്ടത്. സമാന കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മോഷ്ടാക്കളെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
പത്തു പേരടങ്ങുന്ന സംഘമാണ് മോഷണങ്ങൾ നടത്തിയത്. ഇവർ, ഹരിയാന, ഗുജറാത്ത്, കോലാർ സ്വദേശികളാണ്. ബാക്കിയുള്ള എട്ടുപേരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വേഗത്തിൽ ഇവർ പിടിയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. ദക്ഷിണേന്ത്യയിലെത് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ എടിഎമ്മുകളിൽ നിന്നും പണം മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നും തിരുവണ്ണാമല പൊലിസ് സൂപ്രണ്ട് കാർത്തികേയൻ അറിയിച്ചു.

