നടൻ മുരളിയുടെ പ്രതിമയുടെ പേരിൽ പൊലിഞ്ഞത് അഞ്ചേമുക്കാൽ ലക്ഷം രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ ഇക്കാലത്ത് നടൻ മുരളിയുടെ പ്രതിമയുടെ പേരിൽ ധനവകുപ്പ് എഴുതിത്തള്ളിയത് അഞ്ചേമുക്കാൽ ലക്ഷം രൂപ. മുരളിയുടെ ശിൽപ്പത്തിന് മുഖച്ഛായ വരാത്തതിനാൽ കാശ് തിരിച്ചടക്കാൻ സംഗീത നാടക അക്കാദമി നിർദ്ദേശിച്ച ശിൽപ്പിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാന ധനവകുപ്പ് പിഴത്തുക അടക്കുന്നതിൽ നിന്ന് ഇളവ് നൽകുകയായിരുന്നു. സംഗീത നാടക അക്കാദമിയിലാണ് സംഭവം.

നടൻ മുരളിയുടെ രണ്ട് പ്രതിമ അക്കാദമിയിൽ ഇരിക്കുമ്പോഴാണ് മൂന്നാമതൊരു വെങ്കല പ്രതിമ കൂടി പണിയാൻ അക്കാദമിക്ക് തോന്നിയതും ശിൽപ്പി വിൽസൺ പൂക്കായിക്ക് 5.70 ലക്ഷം രൂപക്ക് കരാർ നൽകിയതും. പൂക്കായി പ്രതിമയും കൊണ്ട് വന്നപ്പോൾ പ്രതിമക്ക് രൂപ സാദൃശ്യം പോയിട്ട് മുരളിയുടെ മുഖത്തിന്റെ ഏഴയലത്ത് പോലും ശിൽപമെത്തിയില്ല. അഴിച്ചും പുതുക്കിയും പിന്നെയും പണിതും പഠിച്ച പണി പതിനെട്ടും നോക്കി. കാര്യം നടപടിയാകില്ലെന്ന് മനസിലാക്കിയ സംഗീത നാടക അക്കാദമി അനുവദിച്ച പണം തിരിച്ചടയ്ക്കാൻ ശില്പിക്ക് കത്ത് നൽകുകയായിരുന്നു.

എന്നാൽ ശില്പ നിർമ്മാണത്തിന് അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റ് വരുമാന മാർഗമില്ലെന്നും സാമ്പത്തികമായി കഷ്ടതയിലാണെന്നും അതുകൊണ്ട് തുക തിരിച്ചടക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ശിൽപിയുടെ നിലപാട്. അപേക്ഷ പരിഗണിച്ച അക്കാദമി ഭരണസമിതി ഇത് നേരെ സർക്കാരിലേക്ക് അയച്ചു. തുക എഴുതിത്തള്ളാൻ ധനമന്ത്രി തയ്യാറായി. തീരുമാനം ശരിവച്ച സാംസ്കാരിക വകുപ്പ് നഷ്ടം അക്കാദമിയുടെ അക്കൗണ്ടിൽ വകയിരുത്തി.

മരണസമയത്ത് സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു മുരളി. ഓർക്കാൻ രണ്ട് പ്രതിമ അക്കാദമിയിൽ തന്നെ ഉണ്ടെന്നിരിക്കെ മൂന്നാമതൊരു വെങ്കല ശിൽപത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും ബാക്കി. എങ്ങനെയായാലും പ്രതിമയുടെ പേരിൽ പൊലിഞ്ഞ അഞ്ചേമുക്കാൽ ലക്ഷം പൊതുപണമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →