സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജിഎസ്ടി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച്‌ തീരുമാനം ആകാതെ കൗൺസിൽ യോഗം

ന്യൂഡൽഹി: കേരളവും, തമിഴ്നാടും, ഉത്തർപ്രദേശും, ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജിഎസ്ടി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച്‌ തീരുമാനം ആകാതെ കൗൺസിൽ യോഗം പിരിഞ്ഞു. ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണൽ നയം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ആരോപിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങൾ എതിർത്താണ് ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളം കടുത്ത നിലപാട് സ്വീകരിച്ചത്. നികുതി പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങൾ ഉണ്ട്. അതിനാൽ തന്നെ ട്രിബ്യൂണൽ അംഗങ്ങളുടെ നിയമനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാൻ അധികാരം ഉണ്ടായിരിക്കണമെന്നും സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു.

തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജനും ജിഎസ്ടി ട്രിബ്യൂണൽ സംബന്ധിച്ച കേന്ദ്ര നിർദേശത്തെ എതിർത്തു. ഉത്തർപ്രദേശ് ധനകാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന ഉൾപ്പടെ മറ്റ് ചില സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും ട്രിബ്യുണൽ രൂപീകരണം സംബന്ധിച്ച കേന്ദ്ര ശുപാർശയോട് വിയോജിപ്പ് അറിയിച്ചു. ഇതേ തുടർന്ന് സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് അടുത്ത യോഗത്തിന് മുമ്പായി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച കരട് ശുപാർശ തയ്യാറാക്കാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ യോഗത്തെ അറിയിച്ചു.

ജിഎസ്ടി നികുതി പങ്കിടൽ അനുപാതത്തിൽ മാറ്റം വരുത്തണമെന്ന് കേരളം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. പിരിക്കുന്ന നികുതിയുടെ 60 ശതമാനം സംസ്ഥാനത്തിന് ലഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. നിലവിൽ 50 :50 അനുപാതത്തിൽ ആണ് നികുതി പങ്കിടുന്നത്.

എല്ലാ സംസ്ഥാനങ്ങൾക്കും ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി യോഗത്തിൽ അറിയിച്ചു. കേരളത്തിന് ലഭിക്കാനുള്ള കുടിശ്ശിക ഒരാഴ്ചക്കുളിൽ ലഭിക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിന് ആവശ്യമായ രേഖകൾ ഉദ്യോഗസ്ഥർ കേന്ദ്രത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്കുള്ളിൽ സ്വർണ്ണം കൊണ്ട് പോകുന്നതിന് ഇ-വേ ബിൽ നിർബന്ധം ആക്കുന്നതിനുള്ള ചട്ടം ഉടൻ കൊണ്ടുവരണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി ശുപാർശയുടെ അടിസ്ഥാനത്തിൽ ചട്ടം രൂപീകരിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →