പ്രവർത്തന കാലാവധി കഴിഞ്ഞിട്ടും ചിന്ത ജെറോം പദവിയിൽ തുടരുകയാണെന്നാരോപിച്ച് ​ഗവർണർക്ക് പരാതി

തിരുവനന്തപുരം: യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാൻ അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് 2014ൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ആക്റ്റ് പ്രകാരം സ്ഥാപിതമായത്. 04- 10- 2016 ൽ ആണ് ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത്. 3 വർഷമാണ് നിയമന കാലാവധി. എന്നാൽ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ടു ആറു കൊല്ലം കഴിഞ്ഞു. പക്ഷെ പദവി വിട്ടൊഴിയാൻ അവർ തയ്യാറാകുന്നില്ല.

കാലാവധി കഴിഞ്ഞതിനാൽ യുവജന ചിന്ത ജെറോമിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. അനുവദനീയമായതിലും അധികം കാലം പദവിയിൽ തുടരുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ ഗവർണർക്കാണ് പരാതി നൽകിയത്.യുവജന കമ്മീഷൻ ആക്റ്റ് അനുസരിച്ച് രണ്ട് തവണയാണ് ഒരാൾക്ക് ഈ തസ്തികയിൽ നിയമനം നേടാനുള്ള അവകാശമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രവർത്തന കാലാവധി അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കുവാൻ മാത്രം പദവിയിൽ തുടരുകയാണെന്നും പരാതിയിൽ പറയുന്നു.

ശമ്പള വിവാദം, ആഡംബര റിസോർട്ടിലെ താമസ വിവാദം തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ചിന്ത ജെറോമിനെ പുറത്താക്കണമെന്ന ആവശ്യവുമുയരുന്നത്. ചിന്ത ജെറോമിനെതിരെ പ്രതികരിച്ചതിന് തനിക്കെതിരെ വധഭീഷണി ഉണ്ടായി എന്ന് വിഷ്ണു സുനിൽ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണറെ സമീപിച്ചിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →