പോലീസുകാരനെ നടുറോഡിൽ ചവിട്ടി വീഴ്ത്തി; പിടികൂടാൻ എത്തിയ എസ്ഐക്കും പരിക്ക്

കോട്ടയം: കോട്ടയം നഗര മധ്യത്തിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ യുവാവ് ചവിട്ടി വീഴ്ത്തി. വഴിയിൽ വീണ പോലീസുകാരൻ എഴുന്നേറ്റയുടൻ വീണ്ടും അടിച്ചുവീഴ്ത്തി. സംഭവം കണ്ട വനിതാ പോലീസ് ഓടിരക്ഷപ്പെട്ടു. ട്രാഫിക് എസ്ഐയെ കഴുത്തിനടിച്ചു വീഴ്ത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. കോട്ടയം ട്രാഫിക് എസ് ഐ ഹരിഹരകുമാർ, കോട്ടയം എ ആർ ക്യാമ്പിലെ പോലീസുകാരൻ വിജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കോട്ടയം കുമാരനെല്ലൂർ താഴത്തുവരിക്കേൽ അശോകനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.16/02/23 വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നഗരത്തിലെ ബസേലിയോസ് കോളേജിന് സമീപം ട്രാഫിക് ജോലി നോക്കുന്നതിനിടയാണ് പോലീസുകാരൻ വിജേഷിനെ യുവാവ് ചവിട്ടി വീഴ്ത്തിയത്.

വഴിയിൽ നിൽക്കുന്നതിനിടെ നടന്നുവന്ന യുവാവ് പ്രകോപനമൊന്നുമില്ലാതെ പൊടുന്നനെ പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് സമീപം പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന വനിതാ പോലീസുകാർ വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ കൈത്തിരിഞ്ഞുപോയ പോലീസുകാരൻ കാരണമില്ലാതെ ഒരാൾ തന്നെ ആക്രമിക്കുന്നു എന്ന് അറിയിച്ചു വയർലെസ് സെറ്റിലൂടെ പോലീസ് സഹായം തേടി. ചന്ത കവല ഭാഗത്തേക്ക് നടന്നുപോയ യുവാവിനെ വിവരമറിഞ്ഞ് എത്തിയ സ്പൈഡർ പെട്രോൾ സംഘം പിന്തുടർന്നു. ഇതുകണ്ട അക്രമി വീണ്ടും പോലീസുകാർക്ക് നേരെ പാഞ്ഞടുത്തു.

വയർലെസ് സന്ദേശം ലഭിച്ച കോട്ടയം ട്രാഫിക് എസ് ഐ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ പോലീസ് ചന്ത കവല ഭാഗത്തേക്ക് പാഞ്ഞെത്തി. ഈ സമയം ഫുട്പാത്തിലൂടെ നടന്നുപോയ യുവാവിനെ പിടികൂടാൻ ശ്രമിച്ച എസ്ഐയുടെ കഴുത്തിൽ അടിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ എസ്.ഐയും , മറ്റ് പോലീസുകാരും, നാട്ടുകാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റി. പിന്നീട് കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി. പ്രതിക്കെതിരെ നേരത്തെയും കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →