മസാല ബോണ്ട്: കിഫ്ബിക്ക് അനുമതി നല്‍കിയിരുന്നുവെന്ന് ആര്‍.ബി.ഐ.

കൊച്ചി: കിഫ്ബിക്കെതിരായ നീക്കത്തില്‍ ഇ.ഡിക്ക് റിസര്‍വ് ബാങ്കില്‍നിന്നു തിരിച്ചടി. മസാല ബോണ്ടിറക്കാന്‍ കിഫ്ബിക്ക് അനുമതി നല്‍കിയിരുന്നതായി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) ഹൈക്കോടതിയെ അറിയിച്ചു. 2018ല്‍ എന്‍.ഒ.സി. നല്‍കിയെന്നും കണക്കുകള്‍ കൃത്യമായി കിഫ്ബി സമര്‍പ്പിച്ചുവെന്നും റിസര്‍വ് ബാങ്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഫെമ നിയമത്തിന്റെ ലംഘനമുണ്ടെങ്കില്‍ ഇ.ഡിക്ക് പരിശോധിക്കാമെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.

ഇ.ഡി. നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ രണ്ടു കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മസാല ബോണ്ട് ഇറക്കാന്‍ കിഫ്ബിക്ക് അനുമതി നല്‍കിയിരുന്നോ, ഇടപാടുകള്‍ നിരീക്ഷിക്കേണ്ടതും വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കേണ്ടതും ഏത് ഏജന്‍സിയാണ് എന്നീ കാര്യങ്ങള്‍ വ്യക്തമാക്കാനായിരുന്നു നിര്‍ദേശം.

കോടതി പലതവണ ആവശ്യപ്പെട്ടെങ്കിലും ഒരു വര്‍ഷത്തോളമായി സത്യവാങ്മൂലം സമര്‍പ്പിക്കാതെ കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു റിസര്‍വ് ബാങ്ക്. ഒടുവില്‍ കോടതിയുടെ അന്ത്യശാസനത്തിനു വഴങ്ങി ഇന്നലെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ കിഫ്ബി പാലിച്ചിട്ടുണ്ട്. മസാല ബോണ്ട് വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ ഓരോ മാസവും കിഫ്ബി നല്‍കിയിട്ടുണ്ട്.

ലഭിച്ച തുകയും വിനിയോഗിച്ച രീതിയും വ്യക്തമാക്കുന്ന കൃത്യമായ കണക്കാണു കിഫ്ബി നല്‍കിയിരിക്കുന്നത്. ഫെമാ നിയമലംഘനം ഉണ്ടെങ്കില്‍ ഇ.ഡിക്ക് പരിശോധിക്കാമെന്നും റിസര്‍വ് ബാങ്ക് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ മറുപടി സത്യവാങ്മൂലം ലഭിച്ച പശ്ചാത്തലത്തില്‍ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഉടന്‍ പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →