ആദിവാസി കോളനിയിലെ കുളിയൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സ്ഥല ഉടമ ജോബി അറസ്റ്റിൽ

കൽപ്പറ്റ: കൃഷിയിടത്തിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥല ഉടമ ജോബി അറസ്റ്റിൽ. വയനാട് പയ്യമ്പള്ളി ചെറൂർ ആദിവാസി കോളനിയിലെ കുളിയൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യക്കും, എസ് സി എസ് ടി നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ജോബിയെ റിമാൻഡ് ചെയ്തു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് പ്രതി അറസ്റ്റിലാകുന്നത്. സംഭവത്തിൽ വൈദ്യുത വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വയനാട് പയ്യമ്പള്ളിയിൽ ആദിവാസിയായ മധ്യവയസ്ക്കനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കുടുംബം. അനുമതി ഇല്ലാതെ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് കുളിയൻ മരിച്ചതെന്ന് ഭാര്യ ശോഭ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥല ഉടമ ജോബിക്കെതിരെ മാനന്തവാടി പോലീസ് മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് ചെറൂർ ആദിവാസി കോളനിയിലെ കുളിയനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കൃഷിയിടത്തിൽ രാത്രി വൈദ്യുത വേലി വെയ്ക്കുന്ന കാര്യം അറിയിച്ചിരുന്നെങ്കിൽ കുളിയൻ മരിക്കില്ലായിരുന്നുവെന്ന് കുടുംബം കുറ്റപ്പെടുത്തി. പ്രതി ജോബിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു

Share
അഭിപ്രായം എഴുതാം