മഞ്ചേരി: പതിനാലു വയസുമുതല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കാളികാവ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി റിമാന്‍ഡ് ചെയ്തു. 2020 മാര്‍ച്ചില്‍ 14കാരിയായ മകളെ തൊട്ടടുത്തുള്ള ആളില്ലാത്ത ബന്ധുവീട്ടിലേക്കു കൊണ്ടുപോയി ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണു കേസ്. മൂന്നുദിവസം കഴിഞ്ഞ് ഇതേ വീട്ടില്‍ വച്ച് കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതി 2021 ഓഗസ്റ്റില്‍ പലതവണയും 2022 സെപ്റ്റംബര്‍ ഏഴിന് പട്ടാമ്പിയിലെ റബ്ബര്‍തോട്ടത്തില്‍വച്ചും 2022 ഡിസംബര്‍ 31നു രാത്രി 11.30ന് മമ്പാട്ടുമൂലയിലെ സ്വന്തം വീട്ടില്‍വച്ചും പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു. ശാരീരിക അസ്വസ്ഥതയും പഠനത്തില്‍ പിന്നാക്കമായതും ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചര്‍ ചോദിച്ചതിലാണ് പീഡനവിവരം പുറത്തായത്.
നേരത്തെ കോഴിക്കച്ചവടം ചെയ്തിരുന്ന പ്രതി ഇപ്പോള്‍ പട്ടാമ്പിയില്‍ റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തുവരികയാണ്. രണ്ട് ഭാര്യമാരുള്ള പ്രതിക്ക് ഇരുബന്ധങ്ങളിലും വേറെയും മക്കളുണ്ട്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാലാണ് കുട്ടി പീഡനവിവരം ഇതുവരെ പുറത്തുപറയാതിരുന്നത്. കാളികാവ് സി.ഐ. ശശിധരന്‍ പിള്ള ഇന്നലെ മമ്പുറത്തു വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സ്‌പെഷല്‍ സബ് ജയിലിലേക്കയച്ചു.

