മഞ്ചേരി: പതിനേഴുകാരന് പബ്ലിക് റോഡിലൂടെ ഓടിക്കുന്നതിനു ബൈക്ക് നല്‍കിയ പിതാവിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 25000 പിഴ ശിക്ഷ വിധിച്ചു. ഇതോടൊപ്പം കോടതി പിരിയുംവരെ തടവുശിക്ഷയും അനുഭവിക്കണം. എറിയാട് കൊളപ്പറമ്പ് കുന്നുമ്മല്‍ ഫിറോസ് ഖാനെ(40)യാണ് മജിസ്‌ട്രേറ്റ് എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2022 മാര്‍ച്ച് 18നു രാത്രി 8.15നാണു സംഭവം. മേലാറ്റൂരില്‍നിന്നു പാണ്ടിക്കാട്ടേക്കു ബൈക്കില്‍ വരികയായിരുന്ന പതിനേഴുകാരനെ വാഹനപരിശോധന നടത്തുകയായിരുന്ന പാണ്ടിക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ഇ.എ. അരവിന്ദന്‍ തടയുകയും ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്നും പ്രായപൂര്‍ത്തിയായില്ലെന്നും കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് കേസ് ചാര്‍ജ് ചെയ്തു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുട്ടിയുടെ പിതാവിനോട് 2022 ഓഗസ്റ്റ് 22ന് മഞ്ചേരി സി.ജെ.എം. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പലതവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് വാറണ്ട് നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചര വരെ കോടതിവരാന്തയില്‍ തടവനുഭവിച്ച പിതാവ് പിഴയടച്ചാണു മടങ്ങിയത്.

