ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ അടിമുടി നാടകീയതയും ആവേശവും നിറഞ്ഞ പോരാട്ടത്തില്‍ കേരളത്തിനു ജയത്തോളം പോന്ന സമനില. മഹാരാഷ്ട്രയ്‌ക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിന്റെ ആദ്യപകുതിയില്‍ അടിപതറി കളി കൈവിട്ടെന്നു കരുതിയിടത്തുനിന്നായിരുന്നു കേരളത്തിന്റെ ഉയിര്‍പ്പ്. ഗോള്‍മഴ കണ്ട മത്സരത്തില്‍ ഇരുടീമുകളും എതിര്‍വലയില്‍ പന്തെത്തിച്ചത് നാലുതവണവീതം. 1-4നു പിന്നില്‍നിന്നശേഷം പൊരുതി സമനില പിടിച്ചുവാങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ സെമിപ്രതീക്ഷകള്‍ തുലാസിലായി. എങ്കിലും ആഭ്യന്തര ഫുട്‌ബോളിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നിനാണ് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഗ്രൂപ്പില്‍ ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ഗോവയെ കര്‍ണാടക എതിരില്ലാത്ത രണ്ടു ഗോളിനു വീഴ്ത്തിയപ്പോള്‍ പഞ്ചാബ് 2-1 ന് ഒഡീഷയെ പരാജയപ്പെടുത്തി.