ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ്. രാജ്യത്ത് ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ആദായനികുതി വകുപ്പ് പരിശോധനയെ പരിഹസിച്ചത്. റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണെന്ന് ശശി തരൂര്‍ എം.പി. പ്രതികരിച്ചു. ബി.ബി.സി. ഡോക്യുമെന്ററിയോടുള്ള പരിതാപകരമായ പ്രതികാരമായേ ലോകം റെയ്ഡിനെ കാണൂവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ”ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാല്‍, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണ്. ബി.ബി.സി. ഡോക്യുമെന്ററിയോടുള്ള പരിതാപകരമായ പ്രതികാരമായേ ലോകം മുഴുവന്‍ നോക്കിക്കാണുകയുള്ളൂ. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്”-തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി. ”അദാനി വിഷയം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പക്ഷേ, സര്‍ക്കാര്‍ ബിബിസിയുടെ പിന്നാലെയാണ്. വിനാശകാലേ വിപരീതബുദ്ധി” കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രയും സര്‍ക്കാരിനെതിരെ രംഗത്തെത്തി. ”ബിബിസിയുടെ ഡല്‍ഹി ഓഫിസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ കണ്ടു. ഉള്ളതാണോ? തികച്ചും അപ്രതീക്ഷിതം” -മൊയ്ത്ര പരിഹസിച്ചു. റെയ്ഡ് തികഞ്ഞ തെമ്മാടിത്തമാണെന്ന് ‘ദ ഹിന്ദു’ മുന്‍ പത്രാധിപരും രാജ്യത്തെ പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകരിലൊരാളുമായ എന്‍. റാം പ്രതികരിച്ചു. ബി.ബി.സിയെ പാഠം പഠിപ്പിക്കാമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പരിശോധനയെ പ്രതിരോധിച്ച് ബി.ജെ.പി. രംഗത്തെത്തി. ബി.ബി.സി. ‘ഏറ്റവും അഴിമതിയുള്ള സ്ഥാപനം’ എന്നാണു പാര്‍ട്ടി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചത്. ”ബി.ബി.സിയുടെയും കോണ്‍ഗ്രസിന്റെയും അജന്‍ഡ ഒരുപോലെയാണ്. ബി.ബി.സി. ഏറ്റവും അഴിമതിയുള്ള സ്ഥാപനമാണ്. ‘ഭ്രഷ്ട് ഭക്വാസ് കോര്പറേഷന്’ (അഴിമതി, അസംബന്ധം, കോര്പറേഷന്) എന്നതാണ് ബിബിസി. ആദായനികുതി വകുപ്പിനെ ജോലി ചെയ്യാന്‍ അനുവദിക്കണം. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ പേടിക്കുന്നത് എന്തിനാണ്? ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബി.ബി.സി. ‘വിഷം ചീറ്റരുത്’. ഇന്ത്യാവിരുദ്ധ പ്രചാരണത്തില്‍ അവര്‍ സന്തോഷിക്കുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബി.ബി.സിയെ നിരോധിച്ചിട്ടുണ്ടെന്ന്, വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് ഓര്‍മിക്കണം”-ഗൗരവ് ഭാട്ടിയ പറഞ്ഞു.

