ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ (ബി.ബി.സി) ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പി(ഐ.ടി)ന്റെ പരിശോധന. ഓഫീസുകള്‍ പൂട്ടി മുദ്രവച്ച ഐ.ടി സംഘം വിവിധ രേഖകള്‍, മാധ്യമപ്രവര്‍ത്തകരടക്കം ജീവനക്കാരുടെ ലാപ്‌ടോപ്പുകള്‍, മൊെബെല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധനാവേളയില്‍ ഓഫീസിലുള്ള ആരെയും ഫോണ്‍ വിളിക്കാന്‍ അനുവദിച്ചില്ല.
ബി.ബി.സി. ഇന്ത്യയുടെ ഓഫീസുകളില്‍ നടത്തിയതു റെയ്ഡല്ലെന്നും രാജ്യാന്തരനികുതി വെട്ടിപ്പ്, മാതൃകമ്പനിയുമായുള്ള പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച ‘സര്‍വേ” മാത്രമാണെന്നും ആദായനികുതി വകുപ്പ് വിശദീകരിച്ചു. പിടിച്ചെടുത്ത മൊെബെല്‍ ഫോണുകള്‍ തിരിച്ചുനല്‍കുമെന്നും വ്യക്തമാക്കി. പരിശോധനകളുമായി സഹകരിക്കുമെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും ബി.ബി.സി. പ്രതികരിച്ചു.
ഓഫീസിനു പുറത്തുള്ളവര്‍ തിരികെ ഓഫീസിലേക്ക് എത്തേണ്ടെന്നും ജോലിയിലുള്ളവര്‍ പരിഭ്രമിക്കേണ്ടതില്ലെന്നും ജീവനക്കാര്‍ക്കുള്ള സര്‍ക്കുലറില്‍ ബി.ബി.സി. അറിയിച്ചു. അക്കൗണ്ടുകളും ബാലന്‍സ് ഷീറ്റും സംബന്ധിച്ച വിശദാംശങ്ങള്‍ ബി.ബി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്കു മുമ്പ്, ഡല്‍ഹി പോലീസ് ഏഴാം ബറ്റാലിയന്റെ അകമ്പടിയോടെയാണ് ഐ.ടി. ഉദ്യോഗസ്ഥര്‍ ബി.ബി.സി. ഓഫീസുകളിലെത്തിയത്. മുംബൈയില്‍ ബാന്ദ്രാ കുര്‍ള സമുച്ചയത്തിലെ ബി.ബി.സി. സ്റ്റുഡിയോസില്‍ രാവിലെ 11.30-ന് പരിശോധനയാരംഭിച്ചു.

