കൊച്ചി: കൊച്ചി നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസിന്റെ പിടിയിലായി. നിയമലംഘനം നടത്തിയ 32 ബസുകൾ പൊലീസ് പിടിച്ചെടുത്തു. ഇവരിൽ 4 പേർ സ്‌കൂൾ ബസ് ഡ്രൈവർമാരും 2 പേർ കെ എസ് ആർ ടി സി ബസ് ഡ്രൈവർമാരുമാണ്. നിയമ ലംഘനത്തിന് പിടികൂടിയ ഡ്രൈവർമാർക്ക് ഇംപോസിഷനും പൊലീസ് ശിക്ഷയായി നൽകി.
2023 ഫെബ്രുവരി 13ന് രാവിലെ നഗരത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. ഇതിൽ സ്കൂൾ ബസ് ഡ്രൈവർമാരും കെ എസ് ആർ ടി സി ബസ് ഡ്രൈവർമാരും ഉൾപ്പെട്ടത് പൊലീസിനെ പോലും അമ്പരിപ്പിച്ചു. നാല് സ്കൂൾ ബസ് ഡ്രൈവർമാരിൽ ഒരാൾ കാല് നിലത്തുറയ്ക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനങ്ങളും പിടിച്ചെടുത്തു. കുട്ടികളെ പൊലീസ് സുരക്ഷിതമായി സ്കൂളുകളിൽ എത്തിച്ചു. സ്കൂൾ അധികൃതരിൽ നിന്നും പൊലീസ് വിശദീകരണം തേടി.
സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികൾ മരിച്ചതോടെയാണ് കൊച്ചി നഗരത്തിൽ വാഹന പരിശോധനയും നടപടികളും പൊലീസ് കർശനമാക്കിയത്. ഇനി ഒരാളുടെ ജീവൻ കൂടി നഷ്ടപെടാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പരാതിപെടാനുള്ള മൊബൈൽഫോൺ നമ്പർ പൊലീസ് തയ്യാറാക്കുന്നുണ്ട്. വൈകാതെ തന്നെ ഇത് എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കും.