തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന രാപ്പകൽ സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തി. ആജീവനാന്ത കാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ല. സൂക്ഷിച്ച് വേണം പൊലീസ് പെരുമാറാൻ. പെൺകുട്ടികളെ തൊട്ടാൽ ആങ്ങളമാരെ പോലെ കോൺഗ്രസ് പെരുമാറും. ഇവിടെ കോൺഗ്രസും യുഡിഎഫും കാണും. ഏകാധിപതികളെന്നും ഭീരുക്കളായിരുന്നുവെന്നും ഇവിടെയും അതാണ് നടക്കുന്നതെന്നും സതീശൻ പറഞ്ഞു. ഭയം മാറ്റാൻ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുത്. അശാസ്ത്രീയ നികുതി നിർദേശങ്ങൾക്ക് എതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കും. മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മുൻകരുതൽ നടപടിയായി മുഖ്യമന്ത്രി വരുന്ന വഴിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനെ അദ്ദേഹം വിമർശിച്ചു. നികുതി വർധനക്കെതിരെ യുഡിഎഫ് സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ നികുതി വർധനവിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തി. തൃശ്ശൂരിൽ യുഡിഎഫ് സംഘടിപ്പിച്ച സമരത്തിലാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വിമർശിച്ചത്. ക്ലിഫ് ഹൗസിലെ കുളത്തിൽ പട്ടി കുളിക്കുമെന്നാണ് അന്തരിച്ച സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇകെ നായനാർ പറഞ്ഞത്. ആ കുളം 40 ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രി പിണറായി വിജയൻ നന്നാക്കിയെടുത്തെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ രാപ്പകൽ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മുൻപ് ലീഡർ കെ കരുണാകരന്റെ ഡോക്ടർമാർ നീന്തുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞപ്പോഴാണ് ക്ലിഫ് ഹൗസിന് പുറകിൽ കുളം നിർമ്മിച്ചത്. കുറച്ച് കാലം അതുപയോഗിച്ചു. പിന്നീട് ഇകെ നായനാർ പറഞ്ഞു, താനിവിടെ കുളിക്കില്ല ഇനി മുതൽ പട്ടിയായിരിക്കും ഇവിടെ കുളിക്കുകയെന്ന്. നായനാർ പറഞ്ഞ പട്ടി കുളിക്കുന്ന കുളത്തിൽ ഇപ്പോൾ പിണറായി വിജയൻ 40 ലക്ഷം മുടക്കി അതും നന്നാക്കിയെടുത്തുവെന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം.
മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് 60 വാഹനങ്ങളുടെ അകമ്പടിയോടെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജാക്കന്മാർക്ക് പോലും ഇത്ര വലിയ അകമ്പടി ഉണ്ടാകില്ല. ക്ലിഫ് ഹൗസിലെ പശുവിന് പാൽ ചുരത്താൻ എ ആർ റഹ്മാന്റെ പാട്ടു വേണം. എൻ ജി ഒ യൂണിയനും ജോയിന്റ് കൗൺസിലും തിരുവാതിര കളിക്കാനാണ് ജീവക്കാരെ ഉപയോഗിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് അഞ്ചു ശതമാനം ഡി എ കൊടുക്കാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.